സെൻസസ് 2027: ആദ്യഘട്ടം വീടുകളുടെ കണക്കെടുപ്പ്

ഇടുക്കി
2027 സെൻസസിന്റെ ആദ്യഘട്ടം ജൂലൈ ഒന്നുമുതൽ 30 വരെ നടക്കും. കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് നടക്കുക. പൂർണമായും ഡിജിറ്റൽ സംവിധാനമുപയോഗിച്ചാണ് വിവരശേഖരണം. 2027 ഫെബ്രുവരി ഒന്പത് മുതൽ 28 വരെ നടക്കുന്ന രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കും. പുറമേ സെൽഫ് എന്യൂമറേഷൻ രീതിയും അവതരിപ്പിച്ചിട്ടുണ്ട്. സെൻസസ് വെബ് പോർട്ടൽ വഴി വ്യക്തികൾക്ക് വിവരങ്ങൾ സമർപ്പിക്കാം. എന്യൂമറേറ്റർമാർ വിവരം ശേഖരിച്ച് തുടങ്ങുന്നതിനുമുന്പുള്ള 15 ദിവസമാണ് സെൽഫ് എന്യൂമറേഷനുള്ള അവസരം. കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ സ്വന്തമായി വെബ് പോർട്ടലിൽ സമർപ്പിക്കാം. മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സെൽഫ് എന്യൂമറേഷൻ ഐഡി നമ്പർ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം. പരിശോധിച്ച ശേഷം ഡേറ്റ സെർവറിലേക്ക് ഏകോപിപ്പിക്കും.
നാടിൻമുന്നേറ്റത്തിന് 34 ചോദ്യങ്ങൾ
വിവരശേഖരണത്തിനായി 34 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകണം. കെട്ടിടങ്ങളുടെയും വീടുകളുടെയും അവസ്ഥ, സൗകര്യങ്ങൾ, സാമഗ്രികൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകുന്നവിധത്തിലാകും ആദ്യഘട്ട സെൻസസിലെ ചോദ്യങ്ങൾ. കലക്ടറാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. വിവിധ വകുപ്പ് മേധാവികളെ ജില്ലാ സെൻസസ് ഓഫീസർമാരായും അഡീഷണൽ സെൻസസ് ഓഫീസർമാരായും ചാർജ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. അധ്യാപകരെ എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും നിയോഗിക്കും. ഒരു സൂപ്പർവൈസർക്കു കീഴിൽ ആറ് എന്യൂമറേറ്റർമാരാണുണ്ടാകുക. ചാർജ് ഓഫീസർമാർക്കായിരിക്കും എന്യൂമറേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും ഏകോപന ചുമതല. സെൻസസുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവര ശേഖരണം. സെൻസസുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും വികസിപ്പിച്ചിട്ടുണ്ട്. സെൻസസുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസർമാർക്കും അഡീഷണൽ സെൻസസ് ഓഫീസർമാർക്കും ചാർജ് ഓഫീസർമാർക്കുമുള്ള പരിശീലനം നൽകി. സ്റ്റാറ്റിസ്റ്റിക്സ് ഇൻവെസ്റ്റിഗേറ്റർമാരായ ജംഷീർ ചെറുകാട്, വിജയ ശേഖർ എന്നിവർ ക്ലാസെടുത്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ശ്രീജിത്ത്, കലക്ടർ വി എം ആര്യ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക് 1855 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.









0 comments