ശബരി പാതയ്‌ക്ക് പുതുവേഗം പകർന്ന്


സ്വന്തം ലേഖകൻ
Published on Mar 05, 2026, 12:15 AM | 2 min read
തൊടുപുഴ
കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ച ശബരി റെയില്‍പാതക്ക് പുതുവേഗം പകർന്ന് സംസ്ഥാന സർക്കാർ. പദ്ധതിക്ക് കിഫ്‍ബിയില്‍ ഉള്‍പ്പെടുത്തി 1900 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയും സ്ഥലമെടുപ്പ് അടക്കമുള്ള ജോലിക്ക് റവന്യൂ വകുപ്പിന് നിർദേശം നൽകുകയും ചെയ്‌തു. ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽനിന്ന് 152.05 ഹെക്ടറും കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കളിൽനിന്ന്119.89 ഹെക്ടറും തൊടുപുഴ താലൂക്കിൽനിന്ന് 33.77 ഹെക്ടർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്. 3800.9 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ ആവശ്യമായി വരുന്നത്. ഇതിന്റെ പകുതി തുകതയാണ് സംസ്ഥാന സർക്കാർ അനുവിച്ചിട്ടുള്ളത്. ജില്ലയുടെ വികസനത്തിനും തീർഥാടന ടൂറിസം മേഖലയ്‌ക്കും ഏറെ ഗുണകരമാകേണ്ട 111 കി. മീറ്റർ ദൈർഘ്യമുള്ള അങ്കമാലി-– എരുമേലി ശബരി റെയിൽ പദ്ധതിയെയാണ് പൂർണമായും കേന്ദ്രം അവഗണിച്ചിരുന്നത്. കേന്ദ്ര പദ്ധതികളില്‍ പലപ്പോഴും കേരളം പകുതി തുക മുടക്കേണ്ടിവരിയാണെന്നും അതിനാലാണ് അങ്കമാലി-– എരുമേലി ശബരിപാതയ്‍ക്ക് പണം നീക്കിവച്ചതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഭൂമിയുടെ നഷ്ടപരിഹാര തുകയടക്കം പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാരാണ് നൽകുന്നത്. 416 ഹെക്ടറാണ് പദ്ധതിക്ക് വേണ്ടത്. 24.4 ഹെക്ടർ ഭൂമി ഏറ്റെടുത്തു. മൂന്ന് ജില്ലകളുടെ സമഗ്ര വികസനത്തിന് നാഴികക്കല്ല് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ മലയോരമുള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് നാഴികക്കല്ലാകും. മൂന്നാര്‍, വാഗമണ്‍, തേക്കടിയടക്കം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാര്‍ക്കെത്താൻ പദ്ധതി സഹായകമാകും. ജില്ലയുടെ സുഗന്ധവ്യഞ്ജന വ്യാപാരങ്ങള്‍ക്കും വ്യവസായ വികസനത്തിനും പുതുജീവനേകും. പദ്ധതിയില്‍ ഉള്‍പ്പെട്ട 14 സ്റ്റേഷനുകളില്‍ പ്രധാനപ്പെട്ട ഒന്ന് തൊടുപുഴയിലായതിനാൽ പ്രദേശം ശബരിമല തീർഥാടകരുടെ ഇടത്താവളമായി മാറും. തീര്‍ഥാടന കാലത്തുണ്ടാകുന്ന വാഹന തിരക്കും ഗതാഗത കുരുക്കും മലിനീകരണങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെടും. ശബരിപാത വിഴിഞ്ഞം പദ്ധതിയുമായി ബന്ധിപ്പിക്കുമ്പോഴും വലിയ നേട്ടമാണ്. തമിഴ്നാടിന് അവരുടെ കയറ്റിറക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും ഗുണകരമാകും. കോതമംഗലത്തെ സ്റ്റേഷനില്‍നിന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് 80 കി. മീറ്ററാണുള്ളത്. കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷനില്‍നിന്ന് തേക്കടിയിലേക്ക് 71 കി. മീറ്ററും വാഗമണ്ണിലേക്ക് 58 കി. മീറ്ററും. എരുമേലി സ്റ്റേഷനില്‍നിന്ന് ശബരിമലയിലേക്ക് 43 കി. മീറ്ററുമാണ്. 1997-– 98 ലെ ബജറ്റിലാണ് പാതയ്‍ക്ക് ആദ്യമായി കേന്ദ്രാനുമതി ലഭിക്കുന്നത്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം വഴി കടന്നുപോകേണ്ട പാതയാണിത്.











0 comments