കെഎസ്ഇബി ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് ’ വിജിലൻസ് പരിശോധന

ഇടുക്കി
ജില്ലയിലെ അഞ്ച് കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കട്ടപ്പന, കുമളി സെക്ഷൻ ഓഫീസുകളിൽ കരാറുകാരിൽനിന്ന് വൻ തുക ഗൂഗിൾ പേ വഴി വിവിധ ഉദ്യോഗസ്ഥർ കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി. കരാറുകാരുമായി നിയമവിധേയമല്ലാത്ത ഇടപാടുകൾ നടക്കുന്നുണ്ട്. കരാറുകാരുടെ ബന്ധുക്കളുടെയും മറ്റും പേരുകളിൽ ടെൻഡർ സമർപ്പിക്കുന്നതായും ഓഫീസ് ജീവനക്കാരുമായി അടുപ്പമുള്ള കരാറുകാർക്ക് വൻതോതിൽ ടെൻഡറുകൾ നൽകുന്നതായും വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. കെഎസ്ഇബി ജീവനക്കാർ കണ്ടെത്തുന്ന ക്രമക്കേടുകൾ രേഖപ്പെടുത്തുന്ന അനോമലി രജിസ്റ്റർ മേലുദ്യോഗസ്ഥർ പരിശോധിക്കാറില്ലെന്ന് വിജിലൻസ് കണ്ടെത്തി. വരും ദിവസങ്ങളിൽ ഫീൽഡ് സന്ദർശനം ഉൾപ്പെടെ വിശദ പരിശോധന നടത്താനാണ് വിജിലൻസ് നീക്കം. കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് നിരവധി പരാതികൾ വിജിലൻസ് ആസ്ഥാനത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തൊടുപുഴ, പീരുമേട്, കുമളി, കട്ടപ്പന, അടിമാലി സെക്ഷൻ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസ്, സിഐ മാരായ ഷിന്റോ പി കുര്യൻ, ബിൻസ് ജോസഫ്, ജോബിൻ ആന്റണി, പി വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങളാണ് മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ 04862 256611, 9447582428, എന്നീ ഫോൺ നമ്പറുകളിലോ, [email protected] എന്ന ഇ മെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് ഡിവൈഎസ്‌പി അറിയിച്ചു.










0 comments