അതിഥികൾക്കുവേണം 
തൊഴിലും സുരക്ഷയും

kattaana

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്ന അതിഥി തൊഴിലാളികൾ

avatar
സ്വന്തം ലേഖകൻ

Published on Jul 17, 2025, 12:49 AM | 2 min read

ഇടുക്കി

ഇതര സംസ്ഥാന തൊഴിലാളികളോട് സൗഹാർദപരമായി ഇടപെടുന്ന സംസ്ഥാനമാണ്‌ കേരളം. കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ വൻവർധന പൊതുവെ കേരളത്തിലും പ്രത്യേകിച്ച്‌ ഇടുക്കിയിലുമുണ്ട്‌. വേതനവും സുരക്ഷയുമുൾപ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്‌. നിരവധി ക്ഷേമ പദ്ധതികൾ ഇവർക്കായി ആവിഷ്‌കരിച്ചിട്ടുണ്ട്‌. എന്നാൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ഇവർക്ക്‌ മതിയായ സുരക്ഷയും സംരക്ഷണവും ആവശ്യമാണ്‌. കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായൊരു ഡേറ്റ ബാങ്ക് ഇല്ലാത്തതിനാൽ രോഗവ്യാപനത്തിന്റെ കണക്കെടുപ്പിലും അപകടങ്ങളിലും ദുരന്തമുഖങ്ങളിലുമെല്ലാം ‘കണക്കിൽ’പ്പെടാത്തവരായി മാറുന്നവർ അനവധിയാണ്‌. അതിഥിത്തൊഴിലാളികളുടെ സ്വദേശത്തെ വിവരങ്ങൾ, കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. ചിലർ വ്യാജ ആധാർകാർഡുകൾ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്‌. സംഘടിത തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ മാത്രമേ കണക്കെടുപ്പ് സാധ്യമാകൂ എന്ന്‌ തൊഴിൽവകുപ്പ്‌ അധികൃതർ പറയുന്നു. വലിയൊരു ശതമാനം സ്വന്തമായെത്തി, ആഭ്യന്തരമായി സഞ്ചരിച്ച്‌ വ്യത്യസ്‌തയിടങ്ങളിൽ മാറിമാറി തൊഴിലെടുക്കുന്നവരാണ്‌. അതിഥി ആപ്പ്‌ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്‌ നിലവിലുള്ള സംവിധാനങ്ങൾ അതിഥി പോർട്ടലും ആപ്പുമാണ്‌. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവരുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുമായി 2023ൽ തൊഴിൽ വകുപ്പ് നടപ്പാക്കിയ സംവിധാനമാണിത്‌. തൊഴിലുടമകൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ രജിസ്റ്റർ ചെയ്യണം. നേരിട്ടും ഇതിൽ രജിസ്റ്റർ ചെയ്യാനാകും. ആധാർ കാർഡ്, ഫോൺ നമ്പർ, ഫോട്ടോ എന്നിവ ആവശ്യമാണ്‌. എന്നാൽ പോർട്ടൽ വഴി രജിസ്‌റ്റർ ചെയ്യുന്നതിനെക്കുറിച്ച്‌ പലരും അജ്ഞരാണ്‌. വേണം തൊഴിൽ 
പരിശീലനം തോട്ടങ്ങളിലും നിർമാണ മേഖലയിലുമെത്തുന്ന തൊഴിലാളികൾക്ക്‌ മതിയായ തൊഴിൽ പരിശീലനം ലഭ്യമാക്കണമെന്ന്‌ വിദഗ്‌ധർ പറയുന്നു. ഭാഷ അറിയാത്തതും ജോലിയിൽ മതിയായ പരിഗണനയും ലഭിക്കാത്തതും തൊഴിലാളികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. ചിലർ നാട്ടിലേക്ക്‌ മടങ്ങുമ്പോൾ മോഷണം നടത്തിപ്പോകുന്ന കേസുകളും റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. തൊഴിൽ വകുപ്പിന്റെ പദ്ധതികൾ അതിഥിത്തൊഴിലാളികൾക്ക്‌ നീതിയുക്തമായ തൊഴിൽ സാഹചര്യമൊരുക്കാൻ തൊഴിൽ വകുപ്പ്‌ ശ്രദ്ധിക്കുന്നുണ്ട്‌. തൊഴിൽ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ആവാസ് സുരക്ഷ. തൊഴിലിനിടയിൽ മരണപ്പെട്ടാൽ ഇൻഷുറൻസ് തുകയായി രണ്ട്‌ ലക്ഷം രൂപ ഇതിൽ അംഗമാകുന്നവരുടെ ആശ്രിതർക്ക് ലഭിക്കും. കൂടാതെ അപകടം പറ്റിയാൽ ചികിത്സാ സഹായമായി 25,000 രൂപയും ലഭിക്കും. കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ്‌ ‘അപ്‌ന ഘർ’. ഇവ കൂടാതെ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നുണ്ട്‌. അംഗീകൃത 
ഏജൻസികൾ വേണം അതിഥിത്തൊഴിലാളികളെ എത്തിക്കാനും കൃത്യതവരുത്താനും തൊഴിൽവകുപ്പ്‌ ഇടപെട്ട്‌ അംഗീകൃത ഏജൻസികളെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്‌. തീർത്തും അസംഘടിതരായവർക്ക്‌ തൊഴിൽ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പീരുമേട്‌, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ ബസ്സുകളിലെത്തുന്ന ഇവരെ ഇടനിലക്കാരാണ്‌ തൊഴിലിടങ്ങളിലെത്തിക്കുന്നത്‌. ഇവർ തൊഴിലുടമകളിൽനിന്നും തൊഴിലാളികളിൽനിന്നും കമീഷനും വാങ്ങുന്നതായും ആക്ഷേപമുണ്ട്‌. അരക്ഷിതമായ സാഹചര്യങ്ങളിൽ താമസിക്കുന്നവർ പകർച്ചപ്പനികളുടെയും രോഗങ്ങളുടെയും വാഹകരായും മാറുന്നു. മലീമസ്സമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇവർക്ക്‌ ആരോഗ്യവകുപ്പ്‌ മതിയായ ചികിത്സാ സൗകര്യമുറപ്പാക്കണം. അഞ്ചിൽ കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഇവരെ രജിസ്റ്റർ ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ, ജില്ലയിൽ ഭൂരിപക്ഷവും സ്വന്തം നിലയിൽ തൊഴിൽ തേടി എത്തുന്നവരാണ്‌. ഇവർ നിയമത്തിന്റെയും സർക്കാർ ആനുകൂല്യങ്ങളുടെയും പരിധിക്ക്‌ പുറത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home