ad
Deshabhimani

അഞ്ചുരുളിയിലെ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കല്‍

വനംവകുപ്പിനെതിരെ ജനകീയ സമരവുമായി സിപിഐ എം

cpim

സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌

വെബ് ഡെസ്ക്

Published on Apr 29, 2026, 12:15 AM | 1 min read

കട്ടപ്പന

കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയിലെ താമസക്കാരുടെ വൈദ്യുതി വിച്‌ഛേദിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയ വനപാലകരുടെ ദ്രോഹനടപടിക്കെതിരെ ജനകീയ പ്രക്ഷോഭവുമായി സിപിഐ എം. കട്ടപ്പന ഏരിയ കമ്മിറ്റി കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു. അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് 24 പേരുടെ കണക്ഷനുകള്‍ വിച്‌ഛേദിക്കാന്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കാഞ്ചിയാര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കിയത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഉന്നതിയില്‍ താമസിക്കുന്ന ആളുകളെ കുടിയിറക്കാനാണ് വനപാലകരുടെ നീക്കമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ജനങ്ങളെ ബലിയാക്കാന്‍ ശ്രമിക്കുന്നു. തലമുറകളായി അധ്വാനിച്ച് കൃഷിചെയ്യുന്നവരാണ് ഇവിടെയുള്ളത്. ഇവരില്‍ പലര്‍ക്കും വൈദ്യുതി കണക്ഷനുകള്‍ ലഭിച്ചിട്ട് 15 വര്‍ഷത്തിലേറെയായി. കാഞ്ചിയാറിലെ ഫോറസ്റ്റ് ഓഫീസുകള്‍ പ്രദേശവാസികള്‍ വിട്ടുകൊടുത്ത ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവഴികള്‍ കെട്ടിയടച്ചും ബോര്‍ഡുകള്‍ സ്ഥാപിച്ചും വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി മുമ്പും ഉണ്ടായിട്ടുണ്ട്. കേന്ദ്ര വനസംരക്ഷണ നിയമത്തിലും വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങളിലുമുള്ള ജനദ്രോഹ നിര്‍ദേശങ്ങള്‍ മുന്‍ യുപിഎ സര്‍ക്കാരുകളുടെ സംഭാവനയാണ്. അഞ്ചുരുളിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. ഉന്നതിയിലെ താമസക്കാര്‍ക്കുനേരെയുള്ള ദ്രോഹനടപടി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും വൈദ്യുതി വിച്‌ഛേദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പള്ളിക്കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പൊലീസ് തടഞ്ഞു. സ്വരാജ് ലോക്കല്‍ സെക്രട്ടറി കെ സി ബിജു അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, ടോമി ജോര്‍ജ്, സി ആര്‍ മുരളി, കെ പി സജി, കെ എന്‍ വിനീഷ് കുമാര്‍, കാഞ്ചിയാര്‍ പഞ്ചായത്തംഗം ബിന്ദു മധുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍, തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമരത്തില്‍ അണിനിരന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home