പഠിക്കാനെത്തി വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്
മാലിന്യ സംസ്‌കരണത്തിലെ ഇരട്ടയാർ മാതൃക ഒരു പാഠം

ഇരട്ടയാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗങ്ങളോട് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു
കട്ടപ്പന
മാലിന്യ സംസ്‌കരണ മികവില്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇരട്ടയാര്‍ പഞ്ചായത്തിന്റെ മാതൃകയാക്കാന്‍ ഒട്ടേറെ തദേശ ഭരണ സ്ഥാപനങ്ങള്‍. കഴിഞ്ഞദിവസം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇരട്ടയാറിലെത്തി. എംസിഎഫ്- ആര്‍ആര്‍എഫ് പ്ലാന്റ്, ബെയ്‌ലിങ് യൂണിറ്റ്, ജൈവമാലിന്യ സംസ്‌കരണത്തിന് ജില്ലയിലെ ആദ്യത്തെ ആധുനിക നിലവാരത്തിലുള്ള വിന്‍ഡ്രോ കമ്പോസ്റ്റിങ് യൂണിറ്റ്, തുമ്പൂര്‍മുഴി യൂണിറ്റ്, ചില്ലുകളും ഇ- വേസ്റ്റും സംസ്‌കരിക്കാന്‍ മോഡല്‍ മിനി എംസിഎഫ് എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ കണ്ടു. പ്രസിഡന്റ് ആനന്ദ് സുനില്‍കുമാറും പഞ്ചായത്തംഗങ്ങളും ഹരിതകര്‍മ സേനാംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അടുത്തിടെ കാമാക്ഷി, അടിമാലി പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളും ഇവിടെയെത്തിയിരുന്നു. നിലവില്‍ 4,600ലേറെ വീടുകള്‍, 500ലേറെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട്. പ്രതിമാസം 2,50,000 രൂപ യൂസര്‍ഫീയായി പിരിച്ചെടുക്കുന്നു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ 18 വിഭാഗങ്ങളായി തരംതിരിച്ച് ഏഴ് സ്വകാര്യ ഏജന്‍സികള്‍ക്കും റീസൈക്ലിങ് കമ്പനികള്‍ക്കും വില്‍ക്കുന്നു. പ്രതിമാസം ശരാശരി നാല് ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുശേഖരിക്കുന്ന ഭക്ഷണം, പച്ചക്കറി, മാംസം, മീന്‍ അവശിഷ്ടങ്ങള്‍ യൂണിറ്റില്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കുന്നു. നാലര വര്‍ഷത്തിനിടെ 468 ടണ്‍ അജൈവമാലിന്യം സംസ്‌കരിച്ച് വിവിധ ഏജന്‍സികള്‍ക്ക് വിറ്റു. 25.5 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. 24 ഹരിത കര്‍മസേനാംഗങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.
ഉറവിട ജൈവമാലിന്യ സംസ്‌കരണം
സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ഉറവിട ജൈവ മാലിന്യ സംസ്‌കരണം ജില്ലയില്‍ ആദ്യമായി നടപ്പാക്കുന്നത് ഇരട്ടയാര്‍ പഞ്ചായത്തിലാണ്. വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യം അവിടെതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന നൂതന പദ്ധതി തയ്യാറാക്കും. ഇതിന് അസകര്യമുള്ളവരില്‍നിന്ന് പഞ്ചായത്ത് ജൈവമാലിന്യം ശേഖരിച്ച് സംസ്‌കരിക്കും.
കുപ്പിച്ചില്ല് ശേഖരണം ഇന്നുമുതല്‍
പഞ്ചായത്തിലുടനീളം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കുപ്പിച്ചില്ല് ശേഖരിക്കാന്‍ പ്രത്യേക ഡ്രൈവ് നടത്തും. വിവിധ വാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്നവ പ്ലാന്റിലെത്തിക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്ലാസ്റ്റിക് കളക്ഷന്‍ ഡ്രൈവും നടത്തിയിരുന്നു.









0 comments