നവരാത്രി വിഗ്രഹങ്ങൾക്ക് ആഘോഷ വരവേൽപ്പ്

പത്മനാഭപുരത്തുനിന്ന് എഴുന്നള്ളിച്ച കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്ത് കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
തിരുവനന്തപുരം
മൂന്നുദിവസത്തെ ഘോഷയാത്ര പിന്നിട്ട് നവരാത്രി വിഗ്രഹങ്ങൾ അനന്തപുരിയിലെത്തി. ദേശീയപാതയിലൂടെ മൂന്ന് പകലും രണ്ട് രാത്രിയും കടന്ന് എത്തിയ വിഗ്രഹങ്ങളെ ആഘോഷത്തോടെ വരവേറ്റു. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതിയെ ആനപ്പുറത്തും ശുചീന്ദ്രം മുന്നൂറ്റി നങ്കയെ പല്ലക്കിലും വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തുമാണ് എഴുന്നള്ളിച്ചത്. വേലുത്തമ്പിദളവ നടയ്ക്കുവച്ചതാണ് കുമാരകോവിലിലെ വെള്ളിക്കുതിര. ഘോഷയാത്ര കിഴക്കേകോട്ടയില്‍ പത്മനാഭസ്വാമി ക്ഷേത്രം സ്ഥാനി രാമവര്‍മ വിഗ്രഹങ്ങളെ വരവേറ്റു, ഉടവാള്‍ ഏറ്റുവാങ്ങി. ആദിത്യവര്‍മ, ഗൗരി പാര്‍വതീഭായി, ഗൗരിലക്ഷ്മീഭായി തുടങ്ങിയവര്‍ മാതൃദേവതയെയും കുമാരസ്വാമിയെയും മുന്നൂറ്റി നങ്കയെയും കരുവേലപ്പുര മാളികയ്ക്ക് മുന്നില്‍ വരവേറ്റു. പത്മതീര്‍ഥക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതിയെ പകടശാലയിലിരുത്തി. വേളിമല കുമാരസ്വാമിയെ വലിയശാല ദേവീക്ഷേത്രത്തിലേക്കും മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലേക്കും കൊണ്ടുപോയി. ഒക്ടോബര്‍ രണ്ടിനാണ് പൂജയെടുപ്പ്. തുടര്‍ന്ന് കുമാരസ്വാമിയുടെ പൂജപ്പുരയിലേക്കുള്ള പള്ളിവേട്ട യാത്രയ്‌ക്കുശേഷം നാലിന് കിള്ളിപ്പാലത്തുനിന്നു മടക്കയാത്ര. 6-ന് മാതൃക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ എത്തിച്ചേരും. കോട്ടയ്ക്കകത്തെ സ്വീകരണചടങ്ങില്‍ കൊട്ടാരം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ രാജരാജവര്‍മ, സെക്രട്ടറി ഡി വെങ്കിടേശ്വര അയ്യര്‍, എ വേലപ്പന്‍നായര്‍, കരമന ജയന്‍, ബി മഹേഷ് എന്നിവര്‍ പങ്കെടുത്തു.








0 comments