പ്രായം വെറും നമ്പരല്ലേ! തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം പൂർത്തിയാക്കി 104 വയസുകാരി

നൂറ് ദിവസം പൂർത്തിയാക്കിയ ചെല്ലമ്മയെ സ്പീക്കർ എ എൻ ഷംസീർ ആദരിക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 10, 2025, 01:26 PM | 1 min read
നേമം: നേമം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച റോസ്‌ഗാർ ദിനാഘോഷം. 100 ദിവസം തൊഴിൽ പൂർത്തീകരിച്ചവരെ സ്‌പീക്കർ എ എൻ ഷംസീർ ആദരിക്കുന്നു. ഓരോരുത്തരെയും വേദിയിലേക്ക് പേരുവിളിച്ച് കയറ്റുകയാണ്. ഏറ്റവും മുതിർന്ന തൊഴിലാളിയുടെ പേരുവിളിച്ചപ്പോൾ സദസ്സ് നിശ്ശബ്‌ദമായി...‘ ചെല്ലമ്മ, 104 വയസ്സ്’...
ഒപ്പമുള്ളവരുടെ കരഘോഷത്തിന്റെ അകമ്പടിയോടെ ചെല്ലമ്മയുടെ മാസ് എൻട്രി. പ്രായമൊക്കെ വെറും നമ്പരല്ലേ എന്ന ഭാവത്തിൽ, ചെറുപുഞ്ചിരിയോടെ നടന്നുവരുന്ന ചെല്ലമ്മയെ വേദിയിലുള്ളവരും കൈയടിച്ച് സ്വീകരിച്ചു. സ്പീക്കർ എ എൻ ഷംസീർ പൊന്നാട അണിയിച്ച് ആദരിച്ചു. മലയിൻകീഴ് പഞ്ചായത്തിലെ മാവോട്ടുകോണം സ്വദേശിയാണ്.
ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ, എംജിഎൻആർഇജിഎസ് മിഷൻ ഡയറക്‌ടർ ഡി രഞ്ജിത്ത്, ജോയിന്റ് ഡയറക്‌ടർ ജി സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബിഡിഒ പി ആർ അജയഘോഷ് എന്നിവർ സംസാരിച്ചു.








0 comments