നിർത്തിവച്ചു എന്നത് നുണ വാർത്ത
‘പുനർഗേഹ’ത്തിൽ നിർമാണം പുരോഗമിക്കുന്നത് 1376 ഫ്ലാറ്റുകൾ

പുനർഗേഹം പദ്ധതിയിൽ പൊന്നാനിയിൽ നിർമിക്കുന്ന ഫ്ലാറ്റുകൾ
പി എ സജീഷ്
Published on Jan 24, 2025, 01:27 AM | 1 min read
പൊന്നാനി
മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം ഭവന പദ്ധതി നിർത്തിയെന്ന് യുഡിഎഫ് പത്രമായ മലയാള മനോരമയുടെ നുണ വാർത്ത. പദ്ധതി നിർത്തിവയ്‌ക്കാൻ ചീഫ് എൻജിനിയർ നിർദേശം നൽകിയെന്നാണ് യുഡിഎഫ് പത്രം തള്ളിയത്. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചീഫ് എൻജിനിയർ മുഹമ്മദ് അൻസാരി ‘ദേശാഭിമാനി’യോട് പറഞ്ഞു. കടൽക്ഷോഭ ഭീതിയിൽ കഴിയുന്ന തീരത്തെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പുനർഗേഹം പദ്ധതി തുടങ്ങിയത്. സംസ്ഥാനത്ത് 1766 ഫ്ലാറ്റുകളാണ് നിർമിക്കുന്നത്. 390 ഫ്‌ളാറ്റുകൾ ഇതിനകം നിർമിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. പൊന്നാനി 128, തിരുവനന്തപുരം കാരോട് 128, ബീമാപള്ളി 20, കൊല്ലം ക്യുഎസ്എസ് കോളനി 114 എന്നീ ഫ്ലാറ്റുകളാണ് പൂർത്തീകരിച്ചത്. ഗുണഭോക്‌തൃ ലിസ്റ്റ് പ്രകാരമുള്ള ഫ്ലാറ്റുകൾ നിർമിക്കണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവച്ചത്. നിർമാണം പൂർത്തിയായ ഫ്ലാറ്റുകളിൽ താമസിക്കാൻ ആളില്ലാത്ത അവസ്ഥ ഒഴിവാക്കാനാണ് ഈ തീരുമാനം. ഇത് വളച്ചൊടിച്ചാണ് വ്യാജ വാർത്ത. സംസ്ഥാനത്ത് പദ്ധതിയിൽ നിർമാണം പുരോഗമിക്കുന്നത് 1376 ഫ്ലാറ്റുകളാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 100, നിറമരതൂർ 16, തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ 400, കാരോട് 24, വലിയതുറ 192, കൊച്ചുവേളി 168, സെന്റ് ആന്റണീസ് 24, കോഴിക്കോട് വെസ്റ്റ്ഹിൽ 80, കാസർകോട് കോഴിപ്പാടി 144 എന്നീ ഫ്ലാറ്റുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. പൊന്നാനി ഹാർബറിലെ 100 ഫ്ലാറ്റുകളുടെ നിർമാണം അടുത്ത ആഴ്ച പുനരാരംഭിക്കും. ഹാർബറിലെ നിലവിലെ ഭവന സമുച്ചയത്തോട് ചേർന്നാണ് പുതിയ ഫ്ലാറ്റ്. 14 കോടിയാണ് ചെലവ്.











0 comments