പൊന്നാനിയുടെ വെള്ളിത്തിളക്കം

കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സ് 100 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ മുഹമ്മദ് ബാസില്‍ വീഡിയോ കോളിലൂടെ വീട്ടുകാരെ സന്തോഷമറിയിക്കുന്നു
പി എ സജീഷ്
Published on Jul 31, 2026, 12:33 AM | 1 min read
പൊന്നാനി
പുല്ലോണത്ത് അത്താണിയിലെ കളത്തിങ്ങൽ വീട്ടിലേക്ക് അഭിനന്ദനപ്രവാഹമാണ്. നേരിട്ടും ഫോൺവഴിയും ആശംസകളുടെ പെരുമഴ. കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സ് 100 മീറ്ററില്‍ വെള്ളിമെഡൽ നേടി മുഹമ്മദ് ബാസിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ പൊന്നാനിയുടെ പെരുമയും ലോകത്തോളമുയർന്നു. ആധുനിക സിന്തറ്റിക് ട്രാക്കുകളൊന്നുമില്ലാതെ പൊന്നാനിയുടെ മണ്‍മൈതാനങ്ങളില്‍ ഓടിയാണ് ബാസില്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. കൈമുട്ടിനുതാഴെ വളർച്ചയില്ലാതിരുന്ന ബാസിലിന് കുട്ടിക്കാലത്ത് ഫുട്ബോളിലായിരുന്നു താല്‍പ്പര്യം. ഏഴാംക്ലാസിൽ പഠിക്കുമ്പോള്‍ ഓട്ടത്തിന്റെ വേഗംകണ്ട് വെളിയങ്കോട് ഉമരി സ്കൂളിലെ കായികാധ്യാപകന്‍ കെ വി മുഹമ്മദ് അനസാണ് അത്‌ലറ്റിക്സിലേക്ക് തിരിച്ചത്. അവിടെമുതൽ നേട്ടങ്ങള്‍ക്ക് പിന്നാലെയായി ഓട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാസില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ഉപ്പ സിറാജുദ്ദീനും ഉമ്മ സീനത്തും പറഞ്ഞു. ബാസിലിന്റെ കഴിവിൽ 100 ശതമാനം ഉറപ്പുണ്ടായിരുന്നെന്ന് ആദ്യ പരിശീലകന്‍ മുഹമ്മദ് അനസും പറഞ്ഞു. വെള്ളി മെഡല്‍ നേടിയതറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിയാളുകളാണ് അഭിനന്ദനമറിയിച്ച് പൊന്നാനിയിലെ വീട്ടിലെത്തുന്നത്. ബാസിലിന്റെ മടക്കയാത്രയെക്കുറിച്ച് തീരുമാനമായിട്ടില്ല. ആഗസ്ത് രണ്ടിന് ഡല്‍ഹിയിലെത്തും. അവിടെനിന്ന് തിരുവനന്തപുരത്ത് പോയശേഷം പൊന്നാനിയിലെത്തുമെന്നാണ് വിവരം. വലിയ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.









0 comments