മനസ്സുവായിക്കും ‘ഹൗ വാസ് മൈ ഡേ'

പറപ്പൂർ ഐയു ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്രധാനാധ്യാപകന്‍ എ മമ്മു വിദ്യാർഥികളെ ഹസ്തദാനം നല്‍കി സ്വീകരിക്കുന്നു
കെ കെ രാമകൃഷ്ണൻ
Published on Feb 21, 2025, 02:07 AM | 1 min read
വേങ്ങര
കുടുംബപ്രശ്നത്താല്‍ ആത്മഹത്യയുടെ വക്കിലെത്തിയ വിദ്യാര്‍ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച അനുഭവമാണ് പറപ്പൂർ ഐയു ഹയർ സെക്കന്‍ഡറി സ്കൂളിലെ "ഹൗ വാസ് മൈ ഡേ' പദ്ധതിക്കുള്ളത്. ഓരോദിവസത്തെയും മാനസികാവസ്ഥ വിദ്യാര്‍ഥികള്‍ ഡയറിയില്‍ രേഖപ്പെടുത്തുന്ന പദ്ധതിയാണിത്. ഹാപ്പി, അൺ ഹാപ്പി, സാഡ് എന്നിങ്ങനെ മൂന്ന് കോളങ്ങളിൽ ഇഷ്ടമുള്ളിടത്ത് അടയാളപ്പെടുത്തണം. ഡയറി പരിശോധിക്കുന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനാകും. പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികൾക്ക് കൗണ്‍സിലിങ് നല്‍കും. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ഒരു വിദ്യാര്‍ഥിനി ആത്മഹത്യയുടെ വക്കിലാണെന്ന് കണ്ടെത്തിയത്. വീട്ടിലെ പ്രശ്നംമൂലം കുട്ടി ആത്മഹത്യക്ക് തീരുമാനിച്ചിരുന്നു. മികച്ച കൗണ്‍സിലിങ് നല്‍കിയാണ് വിദ്യാര്‍ഥിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി സഹായമെത്തിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. വിദ്യാര്‍ഥികളുടെ മാനസികനില മെച്ചപ്പെടുത്താന്‍ മറ്റ് പദ്ധതികളും സ്കൂളിലുണ്ട്. രാവിലെയെത്തുന്ന വിദ്യാര്‍ഥികളെ ചിരിച്ച മുഖമായി ഹസ്തദാനം നല്‍കിയാണ് പ്രധാനാധ്യാപകന്‍ എ മമ്മു സ്വീകരിക്കാറുള്ളത്. "ഞാറും ചോറും' പദ്ധതിയിലൂടെ കുട്ടികള്‍ കൃഷിയിലേക്കും തിരിയുന്നു. നെല്ല്, കപ്പ, മധുരക്കിഴങ്ങ്, പച്ചക്കറി, സൂര്യകാന്തി എന്നിവയെല്ലാം വിളയിച്ചു. മൂല്യവർധിത ഉല്‍പ്പന്നങ്ങളാക്കി വിപണി കണ്ടെത്തുന്നുമുണ്ട്. ആരോഗ്യസംരക്ഷണവും വ്യായാമവും ലക്ഷ്യമിട്ട് നഗ്നപാദ നടത്തവും സംഘടിപ്പിക്കുന്നു. കായിക മുന്നേറ്റത്തിനായി "കളിയും കരുത്തും' പദ്ധതിയും സജീവം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ "വോട്ടാണ് നമ്മുടെ ശബ്ദം' ക്യാമ്പയിനും നടത്തി. പാഠ്യരംഗത്തും മികച്ച മുന്നേറ്റമാണ് സ്കൂളിന്റേത്. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ചു. 124 പേർക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു.









0 comments