കുടിവെള്ള കണക്ഷൻ നൽകിയത് സൗജന്യമെന്ന പേരിൽ
6 മാസത്തെ ബില്ല്; തലയിൽ കൈവച്ച് തീരവാസികൾ

പി എ സജീഷ്
Published on Jul 20, 2026, 12:00 AM | 1 min read
പൊന്നാനി
ആറ് മാസത്തെ കുടിവെള്ള ബില്ല് വാട്ടർ അതോറിറ്റിയിൽനിന്ന് ഒരുമിച്ച് കിട്ടിയതിന്റെ ഞെട്ടലിൽ പൊന്നാനിയിലെ തീരവാസികൾ. അമൃത് പദ്ധതിയുടെ ഭാഗമായി ബിപിഎൽ റേഷൻ കാർഡുടമകൾക്ക് സൗജന്യമെന്ന് പറഞ്ഞാണ് കണക്ഷൻ നൽകിയത്. എന്നാൽ ജനുവരിയിൽ ഓൺലൈൻ അപേക്ഷ നൽകിയില്ലെന്ന് പറഞ്ഞാണ് ഇപ്പോൾ ബില്ലിട്ടത്. ഓൺലൈൻ അപേക്ഷ നൽകണമെന്ന് അധികൃതർ കണക്ഷൻ ലഭിച്ചവരെയോ പൊന്നാനി നഗരസഭയേയോ അറിയിച്ചിരുന്നില്ല. അമൃത് മിഷൻ ഉദ്യോഗസ്ഥരുടെയും വാട്ടർ അതോറിറ്റിയുടെയും വീഴ്ചയാണ് പാവപ്പെട്ട തീരനിവാസികളുടെ തലയിൽ കെട്ടിവയ്ക്കുന്നത്. സൗജന്യം പ്രതീക്ഷിച്ചവർക്ക് ഇരുട്ടടി നൽകിയതുപോലെയാണ് ബില്ല് എത്തിയത്. ബിൽ ലഭിച്ചതോടെ ഗുണഭോക്താക്കളിൽ പ്രതിഷേധം ശക്തമാണ്. ഇങ്ങനെയാണെങ്കിൽ കണക്ഷൻ വേണ്ടന്ന നിലപാടിലാണ് തീരവാസികൾ. 4600 ലധികം പേർക്കാണ് അമൃത് പദ്ധതിയിൽ കണക്ഷൻ നൽകിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും 1500 രൂപയിലധികമാണ് ബില്ല് വന്നിരിക്കുന്നത്. സൗജന്യ ആനുകൂല്യം തുടരാൻ പ്രതിവർഷം ജനുവരിയിൽ അപേക്ഷ സമർപ്പിക്കണമെന്നും മാസത്തിൽ 15000 ലിറ്ററിൽ താഴെ വെള്ളംമാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുമാണ് വ്യവസ്ഥയെന്നും ഇത് പാലിക്കാത്തതിനാലാണ് ബിൽ നൽകിയതെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വിവരം ഗുണഭോക്താക്കളെ അറിയിക്കേണ്ട ഉത്തരവാദിത്തം വാട്ടർ അതോറിറ്റിയും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർവഹിച്ചില്ലെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ദുരിതത്തിലായ ഗുണഭോക്താക്കൾക്ക് അടിയന്തര പരിഹാരം വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പൊന്നാനി നഗരസഭാ കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആശയവിനിമയത്തിൽ വീഴ്ചയുണ്ടായതായി അംഗീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയുടെ പേരിൽ സാമ്പത്തിക ബാധ്യതയേറ്റെടുക്കേണ്ട സാഹചര്യത്തിലാണ് പാവപ്പെട്ട തീരവാസികൾ.










0 comments