സോളാര്‍ വേലി
നിർമാണം തടസ്സപ്പെടുത്തിയാൽ *നടപടി: കലക്ടര്‍

മലപ്പുറം
മനുഷ്യ–വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സോളാര്‍ വേലി സ്ഥാപിക്കുന്നത് തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വി ആര്‍ വിനോദ്. വനം വകുപ്പ് നേതൃത്വത്തില്‍ നടക്കുന്ന 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് പരാമര്‍ശം.
ഫെന്‍സിങ് പരിപാലനത്തിന് പഞ്ചായത്തുകള്‍ ഇന്നവേറ്റീവ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വാച്ചര്‍മാരെ നിയമിക്കണമെന്നും തെരഞ്ഞെടുത്ത വാച്ചര്‍മാര്‍ക്ക് വനംവകുപ്പ് പരിശീലനം നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മുണ്ടേരി വിത്ത് ഫാമിലെ തൊഴിലാളികളെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഫെന്‍സിങ് പരിപാലനത്തിന് വിനിയോഗിക്കും. ഇവര്‍ക്ക് പരിശീലനം നല്‍കും. വനമേഖലയോട് ചേര്‍ന്ന സ്വകാര്യ തോട്ടങ്ങളിലെ കാട് വെട്ടാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. അവഗണിച്ചാല്‍ പഞ്ചായത്തിന്റെ ചെലവില്‍ കാടുവെട്ടി ഉടമയില്‍നിന്ന് തുക ഈടാക്കും.
നാടുകാണി ചുരത്തില്‍ മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്തുമായി ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ഊട്ടി മാതൃകയില്‍ വിനോദസഞ്ചാരികളില്‍നിന്ന് ഗ്രീന്‍ ടാക്സ് ഈടാക്കാനും തുക മനുഷ്യ–വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഉപയോഗിക്കാനും സര്‍ക്കാരിനോട് അനുമതി തേടും.
കാട്ടുപന്നി നിയന്ത്രണവുമായി ബന്ധപ്പെട്ട് ഷൂട്ടര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുന്നത് പരിഗണിക്കാന്‍ അടിയന്തര യോഗം വിളിക്കും. സാമൂഹ്യസേവനത്തിന്റെ ഭാഗമായും ഈ പ്രവര്‍ത്തനം കാണണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ ജില്ലാ ഭരണകേന്ദ്രം സെന്ററുമായി ബന്ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ഒരു നമ്പറില്‍ വിളിക്കാനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചു.









0 comments