ട്രാൻസ്‌ജെൻഡേഴ്‌സിന് കരുതലായി സർക്കാർ
കേരള കാവൽ

‘സഖി’ അയൽക്കൂട്ടം രൂപീകരണ യോഗത്തിൽനിന്ന്
സുധ സുന്ദരന്‍
Published on Dec 08, 2025, 12:15 AM | 2 min read
മലപ്പുറം
‘ഒരുകാലത്ത് അവഗണനയിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഞങ്ങളിന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ ആത്മാഭിമാനത്തോടെ ജീവിക്കുന്നു. വ്യക്തിത്വം തുറന്നുപറഞ്ഞ് പഠിക്കുന്നു, തൊഴിലെടുക്കുന്നു. ഇന്ന് ഞങ്ങൾ ഹാപ്പിയാണ്. കൈപിടിച്ചത് ഈ സർക്കാരാണ്. ഇന്നും മുന്നേറുന്നത് സർക്കാരിന്റെ കരുതലിൽ തന്നെ’– മാറ്റിനിർത്തലിന്റെ മഹാസങ്കടങ്ങളെ അതിജീവിച്ച് മുന്നേറിയ നേഹ ചെമ്പകശേരി പറഞ്ഞു. കേരള സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗവും ഡിടിഎഫ്‌കെ (ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡർ ഫെഡറേഷൻ ഓഫ് കേരള) സംസ്ഥാന പ്രസിഡന്റുമാണ് നേഹ. ഏഴാംക്ലാസിന്റെ തുടക്കത്തിലാണ് സ്വത്വ പ്രതിസന്ധി അനുഭവിക്കുന്നത്. അന്ന് ചിന്തകൾ പങ്കുവയ്‌ക്കാനും ചേർത്തുനിർത്താനും ആരുമുണ്ടായില്ല. സമൂഹത്തിന്റെ കാഴ്‌ചപ്പാടുതന്നെ വ്യത്യസ്തം. 21–ാം വയസ്സിൽ വ്യക്തിത്വം വീട്ടിൽ പറഞ്ഞപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ഒടുവിൽ വീട് വിട്ടിറങ്ങി. തിരൂരിൽ എത്തി. 2018ൽ ജെൻഡർ അഫർമേഷൻ സർജറി. സംസ്ഥാന സർക്കാർ നൽകുന്ന ലിംഗമാറ്റ ശസ്‌ത്രക്രിയാ ധനസഹായം ലഭിച്ചിട്ടുണ്ടായിരുന്നു. സർജറിക്കുശേഷമുള്ള പരിചരണത്തിന് പ്രതിമാസം 3000 രൂപ ഒരുവർഷം ലഭ്യമാവും. ജില്ലയിൽ നാൽപ്പതോളം പേർക്ക് സർജറി പൂർത്തിയായി. നൂറിലധികം പേർക്ക് ഐഡി കാർഡും ലഭ്യമാക്കി. 2014–-ലാണ് നൽസ കേസ് ജഡ്‌ജ്‌മെന്റ് വരുന്നത്. 2015ൽ പോളിസിയും. ഈ പോളിസി പ്രകാരമുള്ള 90 ശതമാനം പദ്ധതികളും നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കമ്യൂണിറ്റികളുടെ കാര്യത്തിൽ വലിയ ഇടപെടലുകൾ നടത്തി. ഒറ്റപ്പെട്ടു കഴിയാതെ സമൂഹത്തെ ഉൾക്കൊണ്ടും ഉൾച്ചേർന്നും ജീവിക്കാനുള്ള സാധ്യതകൾ തുറന്നതും എൽഡിഎഫ് സർക്കാരാണ്. കമ്യൂണിറ്റിക്കായി ട്രാൻസ്‌ജെൻഡർ സെൽ, അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാൻ കരുതൽ പദ്ധതി, സ്വയം തൊഴിലിന് ധനസഹായം, ഡ്രൈവിങ് പരിശീലനം, വിവാഹ ധനസഹായം, പാതിയിൽ നിലച്ച പഠനം പൂർത്തിയാക്കാൻ സമന്വയ പദ്ധതി എന്നിങ്ങനെ പതിനെട്ടോളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്കും ഉൾപ്പെടുത്തി. ജില്ലയിൽ ട്രാൻസ്‌ജെൻഡർ അയൽക്കൂട്ടങ്ങളുമുണ്ട്. രാഷ്‌ട്രീയ ബോധത്തോടെ സംഘടനാ സംവിധാനത്തിലേക്ക് ഉയരാനുമായി. സംസ്ഥാനത്ത് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ നടത്തുന്ന ആദ്യ ഓൺലൈൻ സെന്റർ ആരംഭിച്ചതും തിരൂരിലായിരുന്നു. 2019ൽ കുടുംബശ്രീ നേതൃത്വത്തിലായിരുന്നു അതിന്റെ തുടക്കം. പിന്നീട് തട്ടുകട, സ്റ്റിച്ചിങ് യൂണിറ്റ് എന്നിങ്ങനെ വലുതും ചെറുതുമായ നിരവധി സംരംഭങ്ങൾ ഉയർന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തും ഞങ്ങൾക്ക് സംവരണമായി. യുജി, പിജി കോഴ്‌സിൽ രണ്ട് സീറ്റും നഴ്‌സിങ്ങിൽ ഒരുസീറ്റും സംവരണമുണ്ട്. സ്‌കോളർഷിപ്പും ലഭിക്കും. കമ്യൂണിറ്റിയിലെ വിഷയങ്ങൾ പരിഹരിക്കാനും പ്രശ്‌നങ്ങൾ സർക്കാരിലേക്ക് നേരിട്ടെത്തിക്കാനുമായി 2017മുതൽ കേരള സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് പ്രവർത്തിക്കുന്നു. അഞ്ച് ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ ബോർഡിലുണ്ട്. ജില്ലാതല കമ്മിറ്റിയിൽ നാല് ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ അംഗമാണ്. കുടുംബശ്രീയിൽ പുതിയ സഖി ജില്ലയിലെ ട്രാൻസ് കമ്യൂണിറ്റിയിലെ ആളുകളെ ഉൾപ്പെടുത്തി ഇൗ വർഷം ‘സഖി’ അയൽക്കൂട്ടം രൂപീകരിച്ചിട്ടുണ്ട്. കുറ്റിപ്പുറം, നിലമ്പൂർ, മലപ്പുറം, തിരൂർ, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നുള്ള 17 പേർ ഉൾപ്പെടുന്നതാണ് കൂട്ടായ്‌മ. തുടക്കകാലത്ത് തിരൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ അയൽക്കൂട്ടം രൂപീകരിച്ചെങ്കിലും പ്രവർത്തനം നിലച്ചിരുന്നു. തുടർന്നാണ് പുതിയ കൂട്ടായ്‌മ രൂപീകരിച്ചത്. ഞങ്ങൾക്കും വോട്ടുണ്ട് ഇത്തവണ തെരഞ്ഞെടുപ്പിൽ സ്വന്തം ഐഡന്റിറ്റിയിൽ വോട്ട് ചെയ്യാൻ 51 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. നഗരസഭ–15, പഞ്ചായത്ത് –36 എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക്.










0 comments