സുശക്തം സുസജ്ജം ശുചിത്വസേന
മാലിന്യമല്ല, മാണിക്യം

പെരിന്തല്‍മണ്ണ നഗരസഭയുടെ ഖര മാലിന്യസംസ്‌കരണ യൂണിറ്റിലെ എംസിഎഫിൽ മാലിന്യങ്ങൾ തരംതിരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾ
സുധ സുന്ദരന്‍
Published on Dec 10, 2025, 12:15 AM | 2 min read
മലപ്പുറം
ആരോഗ്യമുള്ള നാടിനായി ശുചിത്വമുള്ള പരിസരം. കൂടെ മാലിന്യം സാധ്യതകളാക്കി മാറ്റുന്ന പ്രവർത്തനം. പ്രതിസന്ധിയാവുന്ന മാലിന്യം മുതൽക്കൂട്ടാക്കിയാണ് നാടിന്റെ ശുചിത്വസേന മുന്നേറുന്നത്. എട്ടുവർഷത്തിനിടെ 1500 കോടിയുടെ സാമ്പത്തിക മൂല്യം സൃഷ്ടിച്ചാണ് ഹരിതകർമസേന സാന്നിധ്യം അടയാളപ്പെടുത്തുന്നത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലായി 36,438 ഹരിതകർമസേന അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. 2024 മാർച്ച് മുതൽ 2025 ഏപ്രിൽവരെ 15 കോടി കിലോ മാലിന്യമാണ് ശേഖരിച്ചത്. ശാസ്‌ത്രീയ സംസ്‌കരണത്തിനൊപ്പം മാലിന്യം ഉൽപ്പന്നങ്ങളും ഉൗർജവുമായി മാറ്റിയെടുക്കുന്നു എന്നതും ഹരിതകർമ സേനയുടെ മാതൃകയാണ്. വളംമുതൽ വൈദ്യുതിവരെ ഇൗ പട്ടികയിൽ ഉൾപ്പെടും. പെരിന്തൽമണ്ണ നഗരസഭയിലെ 22–-ാം വാർഡ് കളത്തിലക്കരയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിൽ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റ്) എത്തിയാൽ വളം നിർമാണവും വൈദ്യുതി ഉൽപ്പാദനവും നേരിൽ കാണാം. നഗരസഭാ പരിധിയിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന ജൈവ മാലിന്യത്തിൽനിന്ന് വളം നിർമിച്ച് ആവശ്യക്കാർക്ക് വിപണനം ചെയ്യുന്നതോടൊപ്പം വൈദ്യുതി ഉൽപ്പാദിപ്പിച്ച് പ്ലാന്റിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുമുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 14 ഏക്കറിലാണ് പ്ലാന്റിന്റെ പ്രവർത്തനം. 4500 ചതുരശ്ര അടിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, 7000 ചതുരശ്ര അടിയിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ, 3000 ചതുരശ്ര അടിയിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, 3000 ചതുരശ്ര അടിയിൽ വിൻഡ്രോ കമ്പോസ്റ്റിങ് എന്നിവയും പ്രവർത്തിക്കുന്നു. തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃകയിലാണ് ജൈവവളം നിർമിക്കുന്നത്. ഒരു ടൺ മാലിന്യത്തിന് 100 കിലോ ചകിരിച്ചോറും അസംസ്‌കൃത വസ്‌തുവും ചേർത്താണ് നിർമാണം. പ്രതിദിനം ഏഴ് തൊഴിലാളികൾ ചേർന്നാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. അസിഡിറ്റി ഉൽപ്പന്നങ്ങൾ (ചെറുനാരങ്ങ, ഉള്ളിത്തോൽ തുടങ്ങിയവ) മാറ്റിയാണ് ജൈവമാലിന്യം വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത്. മാലിന്യം വാതക രൂപത്തിലേക്ക് മാറ്റിയാണ് ഉൽപ്പാദനം. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് ഹരിതകർമസേനാംഗങ്ങളാണ്. നിലവിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്ലാന്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മിച്ചംവരുന്നത് കെഎസ്‌ഇബിക്ക് നൽകാൻ പ്രപ്പോസൽ നൽകിയിട്ടുണ്ട്. നഗരസഭയിലുള്ള 34 വാർഡുകളെ ക്ലസ്റ്ററുകളായി തിരിച്ച് മൂന്നുപേർവീതം ഓരോ വാർഡിലും എത്തിയാണ് മാലിന്യം ശേഖരിക്കുന്നത്. ഇതിനായി രണ്ട് വാഹനങ്ങളും ഇവർക്ക് സ്വന്തമായിട്ടുണ്ട്. നിലവിൽ പ്രതിദിനം അഞ്ചുമുതൽ ആറ് ടൺവരെ അജൈവമാലിന്യവും നാലരമുതൽ അഞ്ചര ടൺവരെ ജൈവമാലിന്യവും ശേഖരിക്കുന്നുണ്ട്. തുടക്കത്തിൽ 26 അംഗങ്ങളുണ്ടായിരുന്ന ഹരിതകർമസേനയിൽ നിലവിൽ 84 അംഗങ്ങളുണ്ട്. ഹരിതകർമ സേന കൺസോർഷ്യം നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. എം ഉഷാദേവി (പ്രസിഡന്റ്), കെ സുലോചന (സെക്രട്ടറി), കെ സുചിത്ര (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. വരുമാനത്തിലും വിജയവഴിയിൽ മാലിന്യസംസ്‌കരണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കാൻ ഹരിതകർമ സേനാംഗങ്ങൾക്ക് കഴിയുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഒരംഗത്തിന് പ്രതിമാസം ശരാശരി 10,000–15,000 രൂപവരെയും നഗരപ്രദേശങ്ങളില്‍ 15,000– 20,000 രൂപവരെയും ലഭിക്കുന്നു. സേനാംഗങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ഇതര സേവനങ്ങള്‍ നടത്തി കൂടുതൽ വരുമാനം നേടുന്ന അംഗങ്ങളുമുണ്ട്. കീഴാറ്റൂര്‍ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗമായ കെ ദിവ്യക്ക് ഒരുമാസം 62,216 രൂപവരെ (2023ൽ) ലഭിച്ചിരുന്നു. ഇൗ വർഷം 33,000വരെയും ലഭിച്ചു. മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനാൽ ഹരിതകര്‍മസേനയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുമുണ്ട്.










0 comments