ചങ്ങരംകുളം ടൗണിൽ ട്രാഫിക് പരിഷ്കാരം

ചങ്ങരംകുളം
ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് പരിഷ്‌കാരം നിലവിൽ വന്നു. രണ്ടാഴ്ച മുമ്പ് ആലങ്കോട് പഞ്ചായത്ത് ഓഫീസ് ഹാളിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലെ തീരുമാനമാണ് ചൊവ്വ പകൽ 11ന് നടപ്പാക്കിയത്.
നരണിപ്പുഴ റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡ് വഴി ഹൈവേയിലേക്ക് പ്രവേശിക്കണം. ചിറവല്ലൂർ റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ എടപ്പാൾ, തൃശൂർ റോഡിലേക്ക് കയറണമെങ്കിൽ നേരേ ഹൈവേയിലേക്ക് പ്രവേശിക്കണം.
ചിറവല്ലൂർ റോഡിൽനിന്ന് നരണിപ്പുഴ റോഡിലേക്ക് പോകേണ്ടവർ ആ വഴി തിരിഞ്ഞുപോകാം. എടപ്പാൾ ഭാഗത്തുനിന്ന് നരണിപ്പുഴ- ചിറവല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പെട്രോൾ പമ്പ് - പാർടി ഓഫീസ് വഴി പോകണം. കുന്നംകുളം റോഡിൽ കീർത്തി മുതൽ നരണിപ്പുഴ റോഡുവരെയും ബസ് സ്റ്റാൻഡ് റോഡുമുതൽ ഹൈവേ ജങ്ഷൻ വരെയും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീർ, ചങ്ങരംകുളം സിഐ എസ് ഷൈൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചേർന്ന് ഗതാഗത പരിഷ്കാര ബോർഡ് സ്ഥാപിച്ചു.









0 comments