വ്യവസായ വകുപ്പിന്റെ കൈത്താങ്ങ്
എടരിക്കോട് സ്പിന്നിങ് മില്ലിന് 4 കോടി

വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുന്ന എടരിക്കോട് സ്പിന്നിങ് മില്ലിലേക്ക് അസംസ്കൃതവസ്തുക്കളുമായി എത്തിയ ലോറി
കെ കെ രാമകൃഷ്ണൻ
Published on Sep 11, 2025, 12:55 AM | 1 min read
വേങ്ങര
ലേ ഓഫിനുശേഷം ഉൽപ്പാദനം പുനരാരംഭിക്കുന്ന എടരിക്കോട് സ്പിന്നിങ് മില്ലിന് വ്യവസായ വകുപ്പിന്റെ കൈത്താങ്ങ്. നാലുകോടി രൂപയുടെ പ്രവർത്തന മൂലധനം അനുവദിച്ചു. സംസ്ഥാന വ്യവസായ വകുപ്പിന്റെ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇതിനുപുറമെ 2024 ഡിസംബർവരെയുള്ള കുടിശ്ശിക വൈദ്യുതി ബോർഡ് എഴുതിത്തള്ളിയിരുന്നു. 2025 ജനുവരിമുതൽ കുടിശ്ശികവന്ന വൈദ്യുതി ബിൽ തവണകളായി അടയ്‌ക്കും. പഴയ യന്ത്രങ്ങളും ഭാഗങ്ങളും കേന്ദ്ര സർക്കാർ സ്ഥാപനമായ മെറ്റൽ- സ്ക്രാപ് ട്രേഡിങ് കോർപറേഷന് നൽകിയവകയിലും കമ്പനിക്ക് തുക ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കോയമ്പത്തൂർ ശ്രീമുരുകൻ സ്പിന്നിങ് മിൽ അധികൃതരുമായി കരാറിൽ ഏർപ്പെട്ടതോടെ ഇവർക്കുവേണ്ടിയായിരിക്കും ഇനി സ്ഥാപനത്തിൽ നൂൽ ഉൽപ്പാദിപ്പിക്കുക. ബുധൻ രാവിലെയോടെ അസംസ്കൃതവസ്തുക്കളുമായി ആദ്യ വണ്ടിയെത്തി. ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ആദ്യഘട്ടത്തിൽ 62 പോളിസ്റ്റർ വെഫ്റ്റ് നൂലുകളാണ് ഉൽപ്പാദിപ്പിക്കുക. വ്യാഴം പകൽ 12ന് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ചെയർമാൻ സി ആർ വത്സൻ സ്വിച്ച് ഓൺ ചെയ്യും.









0 comments