ad
Deshabhimani

ഏവരുടേയും പ്രിയപ്പെട്ട സബാഹ്‌

a

ഇരിങ്ങല്ലൂർ ജങ്ഷനിൽ നടന്ന സ്വീകരണത്തിൽ സബാഹ്‌ കുണ്ടുപുഴക്കൽ സംസാരിക്കുന്നു

avatar
സുധ സുന്ദരന്‍

Published on Apr 03, 2026, 12:15 AM | 2 min read

വേങ്ങര

നഗരത്തിന്റെ തിരക്കുകൾക്ക്‌ തുടക്കമായിട്ടില്ല. ‘സബാഹ് സ്‌ക്വയറി’ന്റെ നടുമുറ്റത്ത് പ്രഭാതസവാരിക്ക് എത്തിയവർ വ്യായാമത്തിലാണ്. യുവാക്കളും കുട്ടിക്കൂട്ടവും കാൽപ്പന്തിന്റെ ആരവത്തിലും. നഗരമധ്യത്തിൽ നാടിനായി ഒരുക്കിയ വലിയ മൈതാനത്തുനിന്ന് പുതിയ ദൗത്യവുമായി നാടിന്റെ സാരഥി സബാഹ് കുണ്ടുപുഴക്കൽ പര്യടനത്തിനായി പുറപ്പെട്ടു. പറപ്പൂർ ചാലൊടിയിലെ ആദ്യ സ്വീകരണകേന്ദ്രം. പ്രിയപ്പെട്ട സ്ഥാനാർഥിയെ കാണാനും വിജയമാശംസിക്കാനും നാട്ടുകാർ ഒത്തുചേർന്ന ജനകീയ സദസ്സ്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടങ്ങൾ പങ്കുവയ്ക്കുന്നതിനിടെ സ്ഥാനാർഥിയെത്തി. ബാപ്പക്കൊപ്പം എത്തിയ അഞ്ചുവയസ്സുകാരി ആയിഷ നാദിയ പൂച്ചെണ്ട്‌ നൽകി സ്ഥാനാർഥിയെ വരവേറ്റു. നാടിന്റെ മുന്നേറ്റങ്ങൾക്ക്‌ ഉ‍ൗർജം പകരാൻ ആഹ്വാനംചെയ്‌ത്‌ സബാഹിന്റെ വോട്ടഭ്യർഥന. ‘നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക്‌ തരൂ, വിശ്വാസത്തോടെ, ഞാനത്‌ വികസനമായി തിരിച്ചുതരും’ നാടിനെ പടുത്തുയർത്താനുള്ള വാക്കുകൾക്ക്‌ ഉറപ്പിന്റെ ഹൃദയംനിറഞ്ഞ കൈയടിയായിരുന്നു മറുപടി. തുടർന്ന്‌ നിറഞ്ഞ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെ മുന്നോട്ട്‌. യാത്രക്കിടെ സ്ഥാനാർഥിയെ കാണാനും സംസാരിക്കാനുമായി കുട്ടികൾ ഉൾപ്പെടെ നിരവധിപേരെത്തി. തിടുക്കമില്ലാതെ കാണാനെത്തിയ ഓരോരുത്തരെയും ചേർത്തുപിടിച്ച നിമിഷങ്ങൾ. ‘ ഞാനുണ്ടാകും കൂടെ, കേൾക്കാനും പറയാനും. ഇത്‌ നമ്മുടെ നാടല്ലേ’– സബാഹിന്റെ ഉറപ്പ്‌. പറപ്പൂർ നോർത്ത്‌ ചേക്കാലിമാട്‌ ലീഗ്‌ ഓഫീസിനുസമീപമായിരുന്നു സ്വീകരണം. ലീഗ്‌ ശക്തികേന്ദ്രത്തിൽ മാറ്റത്തിന്റെ കാഹളം മുഴക്കി ഉജ്വല വരവേൽപ്പ്‌. വിവേചനമില്ലാത്ത ഇടപെടലിലൂടെ സ്ഥാനാർഥി നിലപാട്‌ വ്യക്തമാക്കി. കടവത്തെ കേന്ദ്രത്തിൽ കടലുണ്ടിപ്പുഴയിൽ നിർമിച്ച അശാസ്‌ത്രീയ തടയണകൾ സാക്ഷിയാക്കി മാറ്റത്തിനായി സബാഹ്‌ വോട്ടഭ്യർഥിച്ചു. വട്ടപ്പറമ്പിലെ സ്വീകരണ കേന്ദ്രത്തിൽ ശാരീരിക അവശതകളിലും തുപ്പരിക്കാട്ടിൽ അലവി എത്തി. സ്ഥാനാർഥിയുടെ കൈകൾ ചേർത്തുപിടിച്ച് അലവിക്ക വിജയം ആശംസിച്ചു. ‘ഓൻ മ്മടെ കുട്ട്യാ. ജയിക്കണം മ്മക്ക്‌’– വാക്കുകളിൽ പ്രതീക്ഷ. പൊട്ടിപ്പാറയിലെ സ്വീകരണത്തിൽ രക്തഹാരവുമായി പട്ടേൽ വേലായുധൻ എത്തി. ‘ഞങ്ങൾക്കുവേണ്ടിയാണ്‌ ഇ‍ൗ പോരാട്ടം. അപ്പോ ഞങ്ങളിങ്ങനെ ചേർത്തുപിടിക്കും’ വിറയ്ക്കുന്നുണ്ടെങ്കിലും വാക്കുകൾ മുറിഞ്ഞുപോവാതെ വേലായുധേട്ടൻ പൂർത്തിയാക്കി. തെക്കേകുളമ്പിൽ യുവാക്കളുടെ വലിയ കൂട്ടം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പടക്കംപൊട്ടിച്ചാണ്‌ സ്ഥാനാർഥിയെ സ്വീകരിച്ചത്‌. ‘എന്നെ കാണാനും വിളിക്കാനും കാത്തുനിൽക്കേണ്ട. 25 ശതമാനം മണ്ഡലത്തിനായി പ്രവർത്തിക്കുമെന്നാണ്‌ ചിലരുടെ വാഗ്‌ദാനം. നിങ്ങൾക്കൊപ്പം നിൽക്കാൻ എനിക്ക്‌ ശതമാന കണക്കില്ല. എല്ലായ്പ്പോഴും നമ്മളൊരുമിച്ച്‌ പ്രവർത്തിക്കും’ –നിലപാട്‌ വ്യക്തമാക്കി. കൊഴൂരിൽ കുടുംബങ്ങളെല്ലാം ഒന്നിച്ചെത്തിയിരുന്നു. ‘ ആശാ പ്രവർത്തകർക്ക്‌ ജീവൻ നൽകിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ആ വരുമാനമാണ്‌ എന്റെ കുടുംബത്തിന്റെയും കരുതൽ. നമ്മൾതന്നെ മുന്നേറണം. നമ്മൾ തുടരും’ ആശാ പ്രവർത്തക ബിന്ദുവിന്‌ മറിച്ച്‌ ചിന്തിക്കാനില്ല. നിറഞ്ഞ പുഞ്ചിരിയിൽ മറുപടി നൽകി സബാഹ്‌ മടങ്ങി. ഓരോ കേന്ദ്രത്തിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി മടങ്ങുമ്പോഴും ആവേശത്തിന്റെ അലകടൽ മാറ്റത്തിനായി മുഴങ്ങിക്കൊണ്ടിരുന്നു. വിവിധ കേന്ദ്രങ്ങളിൽ കെ രഞ്ജിത്‌, സി പി സലീം, എൻ മുഹമ്മദ്‌ അഷറഫ്‌, കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home