കരുത്താണ് കരുവാരക്കുണ്ട്

കണ്ണത്ത് മിനി സ്റ്റേഡിയം
കെ പി ഭാസ്കരൻ
Published on Sep 28, 2025, 01:12 AM | 2 min read
വണ്ടൂർ
കരുവാരക്കുണ്ട് പഞ്ചായത്തിലെ അരിമണൽ മൂന്നാം വാർഡിലെ കാട്ടിക്കുന്ന് നഗറിൽ കാട്ടിക്കുന്ന് രാജൻ–ലീന ദമ്പതികളുടെ ഏറെ നാളെത്തെ മോഹമായിരുന്നു സ്വന്തമായൊരു വീട്. പറക്കമുറ്റാത്ത നാല് കുട്ടികളുമൊത്ത് ചോർച്ചയില്ലാത്ത, അടച്ചുറപ്പുള്ള വീട്ടിൽ സമാധാനത്തോടെ കഴിയണമെന്നത് അവരുടെ മോഹമായിരുന്നു. ‘ലൈഫ്’ പദ്ധതി അവർക്ക് പുതുജീവിതം സമ്മാനിച്ചു. ഇവർക്ക് മാത്രമല്ല, കാട്ടിക്കുന്ന് നഗറിലെ ഏഴിൽ ആറ് കുടുംബങ്ങൾക്കും വീടായി. ഏഴാമത്തെ വീടിന്റെ നിർമാണം ഉടൻ ആരംഭിക്കും. നഗറിലേക്ക് നടവഴിമാത്രമാണുണ്ടായിരുന്നത്. വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ മഠത്തിൽ ലത്തീഫിന്റെ പരിശ്രമ ഫലമായി ഇപ്പോൾ റോഡിന് സ്ഥലവും കിട്ടി. ഇതേ തുടർന്ന് റോഡ് പ്രവൃത്തിക്കായി അഞ്ച് ലക്ഷം രൂപയും മാറ്റിവച്ചു. കൂടാതെ, ഏഴര ലക്ഷം രൂപ ചെലവിൽ ഭവന സുരക്ഷയും ഇവിടെ നടപ്പാക്കി. 1.75 ലക്ഷം രൂപ ചെലവിൽ നഗറിനുള്ളിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.
നേട്ടങ്ങളുടെ വഴി
• അരിമണൽ, കേരള, പന്ത്ര, മഞ്ഞൾപ്പാറ, കണ്ണത്ത്, കൂട്ടത്തി, പുത്തനഴി ചെമ്പൻകുന്ന് എന്നീ വാർഡുകളിൽ കുടിവെള്ള പദ്ധതികൾ • ലൈഫിൽ 866 വീട് നൽകി. 657 എണ്ണവും പൂർത്തിയാക്കി. പിഎംഎവൈ പദ്ധതിയിൽ 82 വീട് അനുവദിച്ചു. 21 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു • 2025ൽ 1000–ത്തിലേറെ വീടുകൾ അഞ്ചുകോടി രൂപ ചെലവിൽ നവീകരിച്ചു • ഗ്രാമീണ മേഖലയിൽ അമ്പതിലധികം റോഡുകൾ, കലുങ്കുകൾ എന്നിവ യാഥാർഥ്യമാക്കി. • പ്രൈമറി വിദ്യാലയങ്ങളിൽ പഠനമുറികൾ, ഹാളുകൾ, ചുറ്റുമതിൽ, ടോയ്‌ലെറ്റുകൾ, കളിസ്ഥലം, കംപ്യൂട്ടർ, ലാപ്ടോപ്പ്, പ്രിന്റർ, പഠനോപകരണങ്ങൾ എന്നിവയും നടപ്പിലാക്കി. • കണ്ണത്ത് മിനി സ്റ്റേഡിയത്തിൽ ഫ്ലഡ്‌ലിറ്റുകൾ സ്ഥാപിച്ചു. • പഞ്ചായത്ത് ഓഫീസ് നവീകരണം, ഫ്രണ്ട് ഓഫീസ്, മീറ്റിങ് ഹാൾ, ഓഡിറ്റോറിയം, സൗണ്ട് സിസ്‌റ്റം എന്നിവ നടപ്പാക്കി. സിസിടിവിയും സ്ഥാപിച്ചു. • കുടുംബാരോഗ്യകേന്ദ്രവും സബ്സെന്ററുകളും നവീകരിച്ചു. • 60 ലക്ഷം രൂപ ചെലവിൽ പുൽവെട്ട സബ് സെന്റർ പുനർനിർമിച്ചു • പുതിയതായി മൂന്ന് അങ്കണവാടികൾ നിർമിച്ചു. 14 അങ്കണവാടികൾ നവീകരിച്ചു. • ബഡ്‌സ് സ്കൂളിന് ജനകീയ കൂട്ടായ്മയിലൂടെ 35 സെന്റ് കണ്ടെത്തി 45 ലക്ഷം രൂപ ചെലവിൽ സ്കൂൾ യാഥാർഥ്യമാക്കി. • മാലിന്യസംസ്കരണത്തിന് രണ്ട് പുതിയ വാഹനങ്ങൾ ലഭ്യമാക്കി. • പരിരക്ഷാ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു. എട്ടുലക്ഷം രൂപ ചെലവിൽ വാഹനം ലഭ്യമാക്കി. • കണ്ണത്ത് മിനി സ്റ്റേഡിയത്തിലും പകൽവീട് പരിസരത്തും ഓപ്പൺ ജിം സ്ഥാപിച്ചു. • ജൽ ജീവൻ മിഷൻ വഴി പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി ടാങ്ക് സ്ഥാപിക്കാൻ 10 സെന്റ് പഞ്ചായത്തിന് വാങ്ങാനായി. • മാലിന്യ നിർമാർജനരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി ബ്ലോക്കുതലത്തിൽ ഒന്നാംസ്ഥാനവും പൊതുഇടങ്ങളിലെ ശുചിത്വത്തിന് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും നേടാനായി. • മഞ്ഞൾപ്പാറ, കക്കറ, പുൽവെട്ട വാർഡുകളിൽ കളിസ്ഥലങ്ങൾ ഒരുക്കി • എസ്‌സി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം. • മൂന്ന് വായനശാലകൾക്ക് പുതിയ കെട്ടിടങ്ങളും നിർമിച്ചുനൽകി. • അതിദരിദ്രർക്ക് വീടുകൾ നൽകി. • ഉജ്ജീവനം പദ്ധതിപ്രകാരം 14 പേർക്ക് തൊഴിൽ ലഭ്യമാക്കി. • ഹരിത കർമസേനക്ക് 10 ലക്ഷം രൂപ ചെലവിൽ വാഹനം, സൗകര്യപ്രദമായ കെട്ടിടം, ഓഫീസ് എന്നിവ ലഭ്യമാക്കി.
അറിവും ആരോഗ്യവും ഉറപ്പാക്കി
വായനശാലകളും പഠിച്ചുവളരാൻ ഉന്നത നിലവാരമുള്ള സ്കൂളുകളും പ്രവർത്തനസജ്ജമാക്കാനായി. വയോജനങ്ങൾക്കായി പകൽവീടൊരുക്കി. അവരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആധുനിക സൗകര്യത്തോടെയുള്ള ബഡ്സ് സ്കൂൾ പ്രവർത്തനം തുടങ്ങി. കിടപ്പുരോഗികളെ പരിചരിക്കുന്നതിന് പരിരക്ഷാ പ്രവർത്തനവും കാര്യക്ഷമമാക്കി. കായികക്ഷമതയുള്ള യുവതലമുറയ്‌ക്കായി കളിസ്ഥല നവീകരണത്തിനും പരിഗണന നൽകുന്നു.
–വി എസ് പൊന്നമ്മ (കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ്)









0 comments