നെല്ലിന്റെ താങ്ങുവില വർധിപ്പിച്ചു
കോൾ പാടങ്ങളിൽ സന്തോഷക്കാറ്റ്

കോലോത്ത് പാടം
പി എ സജീഷ്
Published on Nov 05, 2025, 12:54 AM | 1 min read
പൊന്നാനി
നെല്ലിന്റെ താങ്ങുവില 30 രൂപയാക്കി വർധിപ്പിച്ചതിന്റെ സന്തോഷത്തിലാണ് പൊന്നാനിയിലെ കോൾ കർഷകർ. കർഷകരുടെ ദീർഘകാല ആവശ്യമാണ് സർക്കാർ നടപ്പാക്കിയത്. സർക്കാർ കൈത്താങ്ങിൽ കൂടുതൽ കർഷകർ നെൽകൃഷിയിലേക്ക് തിരിയുമെന്ന പ്രതീക്ഷയിലാണ് കോൾ മേഖല. നിലവിൽ 28.32 രൂപയാണ് സംസ്ഥാനത്ത് നെല്ലിന്റെ താങ്ങുവില. പ്രഖ്യാപനത്തിലൂടെ കിലോ ഗ്രാമിന് 1.68 രൂപ അധികമായി കർഷകർക്ക് ലഭിക്കും. 23 രൂപയാണ് ഒരുകിലോ നെല്ലിന് കേന്ദ്ര സർക്കാർ നൽകുന്നത്. 69 പൈസ കേന്ദ്രം വർധിപ്പിച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. കർഷകരുടെ പ്രയാസം കണക്കിലെടുത്ത് ഇൗ തുകയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. 58 പാടശേഖരങ്ങളിലായി കുന്നംകുളം, ഗുരുവായൂർ, പൊന്നാനി, തവനൂർ എന്നീ നാല് മണ്ഡങ്ങളിലായി കുന്നംകുളം വെട്ടിക്കടവുമുതൽ പൊന്നാനി ബിയ്യം കായൽവരെ 3900 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നതാണ് പൊന്നാനി കോൾ. ഇതിൽ 3100 ഹെക്ടറിൽ 6300ഓളം കർഷകർ കൃഷിചെയ്യുന്നു. കഴിഞ്ഞ സീസണിൽ 17,000 ടൺ നെല്ലാണ് പൊന്നാനി കോളിൽനിന്ന് സപ്ലൈകോക്ക് നൽകിയത്. നെല്ലിന്റെ കണക്ക് നോക്കിയാൽ താങ്ങുവില വർധനവിലൂടെ 29 ലക്ഷത്തോളം രൂപ കർഷകർക്ക് അധികമായി ലഭിക്കും. 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി തിരിച്ചുനൽകണമെന്നാണ് കേന്ദ്ര നിർദേശം. എന്നാൽ, ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ 65 കി.ഗ്രാം നൽകാനേ കഴിയൂ എന്ന നിലാപടാണ് മില്ലുടമകൾ സ്വീകരിക്കുന്നത്. ഇത് പരിഹരിക്കാൻ കേന്ദ്രത്തിന് നൽകേണ്ട അരിയുടെ ആനുപാതത്തിൽ വരുന്ന കുറവ് നികത്താനുള്ള തുക സംസ്ഥാന സർക്കാർ സ്വന്തംനിലയിൽ വഹിക്കുമെന്ന് മില്ലുടമകളുമായുള്ള യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതും കർഷകർക്ക് ആശ്വാസമാണ്.









0 comments