2 വർഷത്തിനിടെ മരുന്നടിച്ചത് 1500 ഏക്കറിൽ
ഉയരത്തിൽ പറന്ന് ഡ്രോൺ ദീദിമാർ

ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്ന ജസ്‌ന, ദിൽഷത്ത്, ബിന്ദു, വിജില, ആയിശ
സുധ സുന്ദരന്‍
Published on Aug 12, 2026, 12:31 AM | 1 min read
മലപ്പുറം
കൃഷിയിടത്തിൽ വളമിടാനും കീടനാശിനി തളിക്കാനും ഇനി പണിക്കാരെ തേടി അലയേണ്ട. കുറഞ്ഞ സമയത്തിനുള്ളിൽ പണി തീർക്കാൻ ഡ്രോൺ ദീദിമാരുണ്ട്. രണ്ടുവർഷത്തിനിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 1500 ഏക്കർ കൃഷിയിടത്തിലാണ് ഡ്രോൺ ഉപയോഗിച്ച് മരുന്നടിച്ചത്. മൊറയൂർ അരിമ്പ്ര സ്വദേശി ദിൽഷത്തും വാഴക്കാട് മുണ്ടുമുഴി സ്വദേശി ജസ്നയും കോഴിക്കോട്ടുനിന്നുള്ള ബിന്ദു, വിജില, ആയിശ എന്നിവരും ചേർന്നാണ് പ്രവർത്തനം. "നമോ ഡ്രോൺ ദീദി' പദ്ധതിയിലൂടെയാണ് ഇവർ ഡ്രോൺ പൈലറ്റ് ലൈസൻസ് നേടിയത്. മൊറയൂർ, വാഴക്കാട് കുടുംബശ്രീ സിഡിഎസുകളിൽനിന്നാണ് ദിൽഷത്തിനെയും ജസ്നയെയും പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. പ്രാഥമിക മാനദണ്ഡങ്ങൾ പൂർത്തിയാക്കിയശേഷം എഫ്എസിടിയുടെ പരിശീലനത്തിന് യോഗ്യത നേടി. തുടർന്ന് ചെന്നൈ ഗരുഡ എയർസ്പേസിൽ സംഘടിപ്പിച്ച രണ്ടാഴ്ചത്തെ പരിശീലനത്തിൽ പങ്കെടുത്തു. ക്ലാസുകൾക്കും - പ്രായോഗിക പരിശീലനത്തിനുംശേഷം നടത്തിയ പരീക്ഷയിൽ വിജയിച്ച് ഡ്രോൺ പൈലറ്റ് ലൈസൻസും നേടി. ആഴ്ചകൾക്കുള്ളിൽതന്നെ കുടുംബശ്രീ മുഖേന സൗജന്യമായി ഡ്രോണുകളും ലഭിച്ചു. നിലവിൽ കൃഷിഭവൻ മുഖേനയാണ് ഓഡറുകൾ ലഭിക്കുന്നത്. മരുന്നടിക്കാൻ ഒരേക്കറിന് 750 രൂപയാണ് ഈടാക്കുന്നത്. ഒരേക്കറിൽ ജൈവ കീടനാശിനി തളിക്കാൻ പത്ത് മിനിറ്റ് മതി. ആദ്യം ദിൽഷത്തും ജസ്നയും ചേർന്നാണ് ജോലികൾ ഏറ്റെടുത്തിരുന്നത്. പിന്നീട് ബിന്ദു, വിജില, ആയിശ എന്നിവരും ഒപ്പംചേർന്നു. പ്രധാനമായും നെല്ല്, വാഴ കൃഷിയിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് മരുന്നും വളവും തളിക്കുന്നത്. ജില്ലയിൽ കോട്ടക്കൽ, പൊന്മള, മൊറയൂർ, തിരൂർ, വാഴക്കാട്, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഡ്രോൺ വളപ്രയോഗം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.










0 comments