സിപിഐ എം ജില്ലാ സമ്മേളനം
സമ്മേളന നഗരിയിൽ ഇന്ന് ചെങ്കൊടി ഉയരും

സഖാക്കളേ സ്വാഗതം... സിപിഐ എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പൊതുസമ്മേളനനഗറിൽ ഒരുക്കിയ കവാടം
സ്വന്തം ലേഖകൻ
Published on Jan 09, 2025, 02:55 AM | 1 min read
ആലപ്പുഴ
സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗരിയിൽ വ്യാഴാഴ്‌ച ചെങ്കൊടി ഉയരും. സമ്മേളന നഗരികളിൽ ഉയർത്താനുള്ള പതാകകളും കൊടിമരവുമായുള്ള ജാഥകൾ രാവിലെ പര്യടനം ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിക്കുന്ന പതാകകളും കൊടിമരവും സ്വാഗതസംഘം ജനറൽ കൺവീനർ എം സത്യപാലൻ ഏറ്റുവാങ്ങും. പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ ചെയർമാൻ ടി കെ ദേവകുമാർ പതാക ഉയർത്തും.
നാടിന്റെ മോചനത്തിനായി പോരാടി രക്തസാക്ഷിത്വംവരിച്ച രണധീരരുടെ ബലികുടീരങ്ങളിൽ നിന്നാണ് പതാകകളും കൊടിമരവും കൊണ്ടുവരുന്നത്.
പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ (ഹരിപ്പാട് മാധവ ജങ്‌ഷനിലെ മണ്ണാറശാല ഗ്രൗണ്ട്) ഉയർത്താനുള്ള ചെങ്കൊടി രാവിലെ ഒമ്പതിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ജാഥാ ക്യാപ്റ്റൻ കെ പ്രസാദിന് കൈമാറും. വയലാറിൽനിന്ന് പതാകജാഥ തീരദേശ റോഡ് വഴി തോട്ടപ്പള്ളിയിലെത്തും. അവിടെനിന്ന് പല്ലന കുമാരകോടി, കരുവാറ്റ, ചെറുതന വഴി സമ്മേളന നഗറിലെത്തും.
പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഹരിപ്പാട് ശബരി കൺവൻഷൻ സെന്റർ) ഉയർത്താനുള്ള പതാക പകൽ ഒന്നിന് ചെങ്ങന്നൂർ വെണ്മണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കേന്ദ്ര കമ്മിറ്റിയംഗം എസ് സുജാത ജാഥാ ക്യാപ്റ്റൻ ജി ഹരിശങ്കറിന് കൈമാറും.
മാന്നാർ വഴിയാണ് ജാഥ എത്തുക. കൊടിമരം കള്ളിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ കെ എച്ച് ബാബുജാന് കൈമാറും. പെരുമ്പള്ളി, കായംകുളം, പുല്ലുകുളങ്ങര, കാർത്തികപ്പള്ളി, മഹാദേവികാട്, കുമാരപുരം, ഡാണാപ്പടി വഴി സമ്മേളന നഗറിലെത്തും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജാഥകൾ വൈകിട്ട് ആറിന് ഹരിപ്പാട് മാധവ ജങ്‌ഷനിലുള്ള സീതാറാം യെച്ചൂരി നഗറിൽ എത്തും.









0 comments