ചുവപ്പിൻ മിടിപ്പിൽ ഹരിപ്പാട്

സിപിഐ എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പൊതുസമ്മേളന നഗറിന് സമീപമുള്ള റോഡുകൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചപ്പോൾ
സ്വന്തം ലേഖകൻ
Published on Jan 09, 2025, 02:53 AM | 1 min read
ഹരിപ്പാട്
രണ്ടര പതിറ്റാണ്ടിന് ശേഷമെത്തുന്ന സിപിഐ എം ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ ഹരിപ്പാടിന്റെ മണ്ണും മനസും ചുവപ്പണിഞ്ഞു. വടക്ക് കരുവാറ്റമുതലും തെക്ക് നാങ്ങ്യാർകുളങ്ങരനിന്നും ഹരിപ്പാട് വരെ ദേശീയപാതയുടെ ഇരുവശവും ചെങ്കൊടികളാൽ നിറഞ്ഞു.
ജില്ലയിലാകെ പ്രധാന കവലകളിലെല്ലാം സമ്മേളനത്തെ വരവേൽക്കാൻ തോരണങ്ങളും അലങ്കാരങ്ങളുമായി. ഹരിപ്പാട് ജങ്‌ഷനിൽ പി കൃഷ്ണപിള്ള അന്ത്യനിമിഷങ്ങൾ ചെലവഴിച്ച മുഹമ്മയിലെ ചെല്ലിക്കണ്ടത്തിൽ വീടിന്റെ മാതൃക സ്ഥാപിച്ചു. കരുവാറ്റയിൽ ദേശീയപാതയ്‌ക്ക് സമീപം കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരകവും സ്ഥാപിച്ചിട്ടുണ്ട്.
പൊതുസമ്മേളനം നടക്കുന്ന ഹരിപ്പാട് മാധവ ജങ്‌ഷനിൽ തലയുയർത്തി നിൽക്കുന്ന വലിയ കമാനങ്ങളും ചുമരെഴുത്തുകളും സമ്മേളനത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. മണ്ണാറശാല ഗ്രൗണ്ട് പരിസരവും തോരണവും പന്തലും വ്യത്യസ്‌തമായ കമാനവും ചെങ്കൊടികളുമായി ഒരുങ്ങിക്കഴിഞ്ഞു.
പാർടിനേതാക്കളുടെയും ജില്ലയിലെ അവിസ്‌മരണീയ സമരങ്ങളുടെ ചിത്രങ്ങളും സ്ഥാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി സീതാറാം യെച്ചൂരി നഗറിൽ കാൽലക്ഷം പേരെ ഉൾക്കൊള്ളുന്ന പന്തലും മറ്റ് സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. ഹരിപ്പാട് വിവിധ പാർടി ഘടകങ്ങളുടെയും വർഗബഹുജന സംഘടനകളുടെ നേതൃത്വത്തിലും നഗര–-ഗ്രാമ വ്യത്യാസമില്ലാതെ അലങ്കാരങ്ങളും പ്രചാരണപ്രവർത്തനങ്ങളും ഒരുക്കി.
പൊതുസമ്മേളന നഗറിൽനിന്ന് പ്രതിനിധി സമ്മേളനത്തിന് വേദിയാകുന്ന കോടിയേരി ബാലകൃഷ്ണൻ നഗർ (ഹരിപ്പാട് ശബരി കൺവൻഷൻ സെന്റർ) വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം റോഡിനിരുവശവും ചുവന്ന നക്ഷത്രങ്ങളും വൈദ്യുതാലങ്കാരങ്ങളും ഒരുങ്ങുന്നുണ്ട്. വഴിയിലുടനീളം സമ്മേളന പ്രചാരണ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 410 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. കാൽലക്ഷം പേർ അണിനിരക്കുന്ന പൊതുപ്രകടനം നാരകത്തറ ജങ്‌ഷനിൽനിന്നാരംഭിക്കും. ജില്ലയിലെ ലോക്കൽ കമ്മിറ്റികളിൽനിന്നുമായി 10,000 റെഡ് വളന്റിയർമാർ മാർച്ചിൽ അണിനിരക്കും. വ്യാഴാഴ്‌ച സമ്മേളനത്തിന് പതാക ഉയരും മുൻപ് മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളിലാണ് പാർടി പ്രവർത്തകർ.









0 comments