പഠനത്തോടൊപ്പം തൊഴിൽ പ്രാവർത്തികമാക്കണം: മന്ത്രി ബിന്ദു

കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ മൂന്നാം നിലയുടെ നിർമാണവും ടെക്‌നിക്കൽ ഫെസ്‌റ്റും മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
വിദ്യാഭ്യാസസ്ഥാപനങ്ങൾ പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കൊട്ടാരക്കര ഐഎച്ച്ആർഡി കാമ്പസിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിച്ചത് ഇതിന്റെ ഭാഗമാണ്. കേരളത്തിലെ മറ്റ് സ്ഥാപനങ്ങളിലും അത്തരം സംവിധാനങ്ങൾ ഉണ്ടാകണം. ഐഎച്ച്ആർഡിയുടെ കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ മൂന്നാം നിലയുടെ നിർമാണവും ടെക്‌നിക്കൽ ഫെസ്‌റ്റ് ‘നെക്‌സോറ'യും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഇൻഡസ്ട്രി ഓൺ കാമ്പസ്, കണക്‌ട് കരിയർ ടു കാമ്പസ് എന്നീ പദ്ധതികൾ ഈ സർക്കാരിന്റെ കാലത്ത് ഏറ്റെടുത്തു. അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ എന്ന പ്രശ്നത്തിന് വൈദഗ്‌ധ്യവികസനം അനിവാര്യമാണ്. ഇതുകൂടി ചേർത്താണ് കരിക്കുലം പരിഷ്‌കരണത്തിലേക്ക് സർക്കാർ നീങ്ങിയത്. നൂതന ആശയങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ അഞ്ചുലക്ഷംമുതൽ 25 ലക്ഷം രൂപവരെ സാമ്പത്തികസഹായം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. ഐഎച്ച്ആർഡി ഡയറക്‌ടർ ഡോ. വി എ അരുൺകുമാർ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, പഞ്ചായത്തംഗം കെ എൻ നിബു, കോളേജ് പ്രിൻസിപ്പൽ ഡോ. എൽ ഷാജി, പിടിഎ പ്രസിഡന്റ് പി അൻസർ, ടെക്‌നിക്കൽ ഫെസ്‌റ്റ് കോ–ഓർഡിനേറ്റർ ആർ അജീഷ് എന്നിവർ സംസാരിച്ചു. നാല് ദിവസമായി നടക്കുന്ന ഫെസ്‌റ്റ് ഞായറാഴ്‌ച സമാപിക്കും. 16 വ്യത്യസ്‌ത സ്‌റ്റാളുകളിൽ ഫെസ്‌റ്റ് അരങ്ങേറും.









0 comments