ആലുവ നഗരസഭ ; വോട്ടർപട്ടിക ക്രമക്കേടിനെതിരെ എൽഡിഎഫ് ധർണ

ആലുവ
ആലുവ നഗരസഭയിൽ കോൺഗ്രസിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ചിലർ നടത്തുന്ന അനധികൃത വോട്ടുചേർക്കലിനെതിരെ എൽഡിഎഫ് ആലുവ മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനംചെയ്തു. നഗരസഭയിൽ ഏകപക്ഷീയമായി വോട്ടുകള്‍ നീക്കംചെയ്യുന്നതായും തെരഞ്ഞെടുപ്പുമാനദണ്ഡങ്ങൾ പാലിക്കാതെ ഹിയറിങ് നടത്തുന്നു എന്നും എൽഡിഎഫ് ആരോപിച്ചു.
നഗരസഭ 20–ാംവാർഡിലെ ഒരു വീട്ടിൽ 20ലേറെ വോട്ടുകളുണ്ട്. ഇവർക്ക് മറ്റു പഞ്ചായത്തുകളിൽ റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകളുണ്ട്. താമസിക്കുന്ന പ്രദേശങ്ങളിൽ വോട്ട് ചേർക്കാനുള്ള സമയവും ഉണ്ടായിരുന്നു. എന്നാൽ, മുനിസിപ്പൽ ഭരണത്തിന്റെ സ്വാധീനംമൂലം ഈ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.
നഗരസഭയിലെ ഒരു വാർഡിലെ വോട്ടർപട്ടികയിൽ പൂജ്യം വീട് നമ്പറിൽ നൂറിലധികം വോട്ടുകൾ ഇടംപിടിച്ചിട്ടുള്ളതായും എൽഡിഎഫ് ആരോപിച്ചു. കോൺഗ്രസ് സ്വാധീനത്തിൽ ചില ഉദ്യോഗസ്ഥർ നടത്തുന്ന വോട്ടുതട്ടിപ്പിനെതിരെയാണ് എൽഡിഎഫ് മുനിസിപ്പൽ മാർച്ച് സംഘടിപ്പിച്ചത്. സിപിഐ ആലുവ ലോക്കൽ സെക്രട്ടറി പി കെ അൻവർ അധ്യക്ഷനായി. സിപിഐ എം ആലുവ ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, കൗൺസിലർമാരായ മിനി ബൈജു, ശ്രീലത വിനോദ്‌കുമാർ, ടിന്റു രാജേഷ് എന്നിവർ സംസാരിച്ചു.









0 comments