ഓണം അലവൻസ് നൽകിയില്ല; കൂത്താട്ടുകുളത്ത് എൽഡിഎഫ് പ്രതിഷേധം

കൂത്താട്ടുകുളം
നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിതകർമസേന അംഗങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ഓണം ബോണസ് നൽകാത്തതിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. 1250 രൂപവീതമാണ് സർക്കാർ അനുവദിച്ചത്. നഗരസഭാ ഭരണം കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ച് പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാക്കിയത് യുഡിഎഫാണ്. മറ്റിടങ്ങളിൽ തുക ലഭിച്ചുതുടങ്ങി. തൊഴിലാളികളും ഹരിതകർമസേനാംഗങ്ങളും തുക ലഭിച്ചില്ലെന്ന പരാതി ഉയർത്തിയതോടെയാണ് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധം നടത്തിയത്.
നേരത്തേ ഇൻവെർട്ടർ ബാറ്ററി തകരാറായത് ഉദ്യോഗസ്ഥർ സർക്കാർ സൈറ്റിൽനിന്ന് ഓർഡർ ചെയ്‌ത് മാറ്റാൻ ശ്രമിച്ചത് യുഡിഎഫ് തടഞ്ഞിരുന്നു. ഇതോടെ ഓൺലൈൻ പ്രവർത്തനങ്ങളാകെ തകരാറിലായി. വിവിധ പദ്ധതികളുടെ നിർവഹണവും ക്ഷേമപദ്ധതി തുക വിതരണവും അപേക്ഷ സ്വീകരിക്കലുമെല്ലാം മുടങ്ങിയ സംഭവം കഴിഞ്ഞയാഴ്ചയുണ്ടായി.
ഓഫീസിനുമുന്നിൽ സമരം സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അംബിക രാജേന്ദ്രൻ അധ്യക്ഷയായി. വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments