പെരുമ്പിള്ളി മറ്റത്താംകടവ് റോഡിന്റെ തകർച്ച ; യുഡിഎഫ് തദ്ദേശഭരണ സമിതികൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം

മുളന്തുരുത്തി
തകർന്ന പെരുമ്പിള്ളി മറ്റത്താംകടവ് റോഡ് നന്നാക്കാത്തതിലും വിഷയത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശ ഭരണസമിതികളുടെ അവഗണനയ്‌ക്കെതിരെയും എൽഡിഎഫ് നേതൃത്വത്തിൽ മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
മറ്റത്താംകടവിൽനിന്ന് ആരംഭിച്ച പ്രകടനം പെരുമ്പിള്ളി നടയിൽ സമാപിച്ചു.
സമാപനയോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ഒ എ മണി, പി വി ദുർഗപ്രസാദ്, ജോൺസ് പാർപ്പാട്ടിൽ, ജിബി ഏലിയാസ്, കെ സി മണി, ലിജോ ജോർജ്, ലതിക അനിൽ, കെ എ ജോഷി, വി കെ വേണു, കെ ടി ഭുവനേശ്വരൻ എന്നിവർ സംസാരിച്ചു.
പിഎംജിഎസ്‌വൈ പ്രകാരം ജില്ലാപഞ്ചായത്താണ് ഈ റോഡ് പുനർനിർമാണം നടത്തിയിരുന്നത്. നിർമാണശേഷമുള്ള അഞ്ച് വർഷം കരാറുകാരനാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. തുടർന്ന് റോഡ് തകരാറിലായപ്പോൾ ജില്ലാപഞ്ചായത്ത് അധികൃതരും ഡിവിഷൻ അംഗവും റോഡിനെ അവഗണിക്കുകയാണ് ചെയ്തത്. റോഡിന്റെ ഉടമസ്ഥാവകാശവും ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതിൽ പരസ്പരം പഴിചാരുന്ന സമീപനമാണ് തദ്ദേശ ഭരണസമിതികൾ നടത്തുന്നത്.
ദിവസവും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത യുഡിഎഫ് തദ്ദേശ ഭരണസമിതികൾക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ റോഡിലെ കുറച്ചുഭാഗത്ത് കട്ട വിരിക്കാൻ ശ്രമിച്ചു. എന്നാൽ, പെരുമ്പിള്ളിമുതൽ പാലംവരെയുള്ള ഭാഗത്ത് റോഡ് പൂർണമായും തകർന്നു. റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.









0 comments