കൂത്താട്ടുകുളം നഗരസഭ ; യുഡിഎഫിന് താക്കീതായി ബഹുജന പ്രതിഷേധം

കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗസരഭയിലെ എൽഡിഎഫ് ഭരണം അട്ടിമറിച്ച് അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ബഹുജനരോഷമിരമ്പി. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നഗരസഭാ വളയൽ സമരത്തിലെ ജനപങ്കാളിത്തം ഭരണനേതൃത്വത്തിനുള്ള താക്കീതായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സമരം ഉദ്ഘാടനംചെയ്തു. എ എസ് രാജൻ അധ്യക്ഷനായി.
അഞ്ചുവർഷത്തിനിടെ നാല് ചെയർമാൻമാർ മാറി ഭരിച്ച മുൻ യുഡിഎഫ് ഭരണത്തെ തൂത്തെറിഞ്ഞാണ് 2020ൽ എൽഡിഎഫ് അധികാരമേറ്റത്. നാലേമുക്കാൽ വർഷം സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം നടത്തി. ലൈഫിൽ അപക്ഷിച്ച എല്ലാവർക്കും വീട് നൽകി. ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർ, ലാബ്, എക്സ്റേ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി. ഗവ. ആയുർവേദ ആശുപത്രിയെ ജില്ലയിലെ മികച്ച ആശുപത്രിയാക്കി മാറ്റി. ഇടയാറിലും ചോരക്കുഴിയിലും വെൽനെസ് സെന്ററുകളും തുടങ്ങി. ഈ സാമ്പത്തിക വർഷം 23 കോടിയുടെ വികസനപദ്ധതി നടപ്പാക്കുന്നതിനിടെയാണ് അവിശ്വാസപ്രമേയവും കുതിരക്കച്ചവടവും നടത്തി ഭരണം യുഡിഎഫ് അട്ടിമറിച്ചത്. സമരത്തിന് മുന്നോടിയായി രാമപുരം കവലിയിൽനിന്ന് പ്രകടനം നടന്നു.
സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, കെ ചന്ദ്രശേഖരൻ, ഫെബീഷ് ജോർജ്, ബിജോ പൗലോസ്, അരുൺ അശോകൻ, എം എം അശോകൻ, ബീന സജീവൻ, വിജയ ശിവൻ തുടങ്ങിയവർ സംസാരിച്ചു.









0 comments