മാലിന്യകേന്ദ്രത്തിലെ ഓണാഘോഷം തട്ടിപ്പ്; എൽഡിഎഫ് പ്രതിഷേധിച്ചു

മൂവാറ്റുപുഴ
മൂവാറ്റുപുഴയിലെ ജനങ്ങൾ മാലിന്യപ്രശ്നം അനുഭവിക്കുമ്പോൾ നഗരസഭ യുഡിഎഫ് ഭരണസമിതി കടാതി ഡമ്പിങ് യാർഡിൽ ഓണാഘോഷവും ഓണസദ്യയും നടത്തിയതിനെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ജനകീയ പ്രതിഷേധം നടത്തി. നഗരസഭയിൽ മാലിന്യപ്രശ്നങ്ങളില്ലെന്ന് വരുത്തിത്തീർക്കാനുള്ള കുതന്ത്രമായിരുന്നു മാലിന്യക്കൂമ്പാരത്തിലെ ഓണാഘോഷകമെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് പദ്ധതിയിൽ സംസ്ഥാന സർക്കാർ 10.86 കോടി രൂപ ഡമ്പിങ് യാർഡിൽ ബയോ മൈനിങ്ങിന് അനുവദിച്ചതാണ്. എന്നാൽ, പദ്ധതി നടപ്പാക്കാൻ നഗരസഭയ്ക്കായില്ല. ഡമ്പിങ് യാർഡിൽ ഈച്ചശല്യംമൂലം ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
യുഡിഎഫ് കൗൺസിലിന്റെ നാണക്കേട് മറയ്ക്കാനും രാഷ്ട്രീയ നേട്ടങ്ങൾക്കുമാണ് ഓണാഘോഷം നടത്തിയതെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.
ഡമ്പിങ് യാർഡിലെ പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ യു ആർ ബാബു, സജി ജോർജ്, എം എ സഹീർ, ആർ രാകേഷ്, എം എ റിയാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാരുടെ ഓണാഘോഷവും ഓണസദ്യയും മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു.
ദുർഗന്ധം തടയാൻ വലകെട്ടി ഓണാഘോഷം
ദുർഗന്ധം തടയാൻ കടാതി ഡമ്പിങ് യാർഡിനു ചുറ്റും പ്ലാസ്റ്റിക് വല കെട്ടി മൂവാറ്റുപുഴ നഗരസഭ നടത്തിയ ഓണാഘോഷവും ഓണസദ്യയും ആക്ഷേപത്തിനിടയാക്കി. ഓണാഘോഷം നടക്കുന്ന കെട്ടിടത്തിന് സമീപത്തെ മാലിന്യക്കൂമ്പാരം അതിഥികൾ കാണാതിരിക്കാൻ മതിൽപോലെ വല കെട്ടുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധത്തെ തള്ളിയാണ് മാലിന്യസംഭരണ കേന്ദ്രത്തിൽ യുഡിഎഫ് കൗൺസിൽ ഓണം ആഘോഷിച്ചത്. പ്രതിപക്ഷ കൗൺസിലർമാർ ആഘോഷം ബഹിഷ്കരിച്ചു. പരിസരവാസികളിലും പ്രതിഷേധം ഉയർന്നു.









0 comments