കൂത്താട്ടുകുളം നഗരസഭ നാളെ എൽഡിഎഫ് വളയും ; പ്രചാരണജാഥ സംഘടിപ്പിച്ചു

കൂത്താട്ടുകുളം
എൽഡിഎഫ് ഭരണം അട്ടിമറിച്ച് അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ് മുനിസിപ്പൽ സമിതി നേതൃത്വത്തിൽ വ്യാഴാഴ്ച നഗരസഭ വളയും. സമരപ്രചാരണ വാഹനജാഥ ഇടയാർ ഓലക്കാടുനിന്ന് ആരംഭിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. സണ്ണി കുര്യാക്കോസ് അധ്യക്ഷനായി.
സി എൻ പ്രഭ കുമാർ, വിജയ ശിവൻ, എ എസ് രാജൻ, അരുൺ അശോകൻ, ബീന സജീവൻ, അംബിക രാജേന്ദ്രൻ, ബിനീഷ് കെ തുളസിദാസ്, എം എം അശോകൻ, തൊമ്മച്ചൻ തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു. ഫെബീഷ് ജോർജ് ക്യാപ്റ്റനും ബിജോ പൗലോസ് വൈസ് ക്യാപ്റ്റനും എം എം അശോകൻ മാനേജരുമായ ജാഥ 26 വാർഡുകളിലെ പര്യടനം പൂർത്തിയാക്കി ചോരക്കുഴിയിൽ സമാപിച്ചു. സമാപനയോഗം എൻഎൽസി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
അഞ്ചു വർഷത്തിനിടെ നാല് ചെയർമാൻമാർ മാറിഭരിച്ച മുൻ യുഡിഎഫ് ഭരണത്തെ തൂത്തെറിഞ്ഞാണ് 2020ൽ എൽഡിഎഫ് അധികാരമേറ്റത്. നാലേമുക്കാൽ വർഷം സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം നടത്തി. അപേക്ഷിച്ച എല്ലാവർക്കും ലൈഫിൽ വീട് നൽകി. ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർ, ലാബ്, എക്സ് റേ തുടങ്ങി എല്ലാ സൗകര്യങ്ങളുമൊരുക്കി. ഗവ. ആയുർവേദ ആശുപത്രി ജില്ലയിലെ മികച്ച ആശുപത്രിയാക്കി മാറ്റി. ഇടയാറും ചോരക്കുഴിയിലും വെൽനെസ് സെന്ററുകളും തുടങ്ങി. ഈ സാമ്പത്തിക വർഷം 23 കോടിയുടെ വികസനപദ്ധതി നടപ്പാക്കുന്നതിനിടെയാണ് അവിശ്വാസപ്രമേയവും കുതിരക്കച്ചവടവും നടത്തി യുഡിഎഫ് ഭരണപ്രതിസന്ധി ഉണ്ടാക്കിയത്.
വ്യാഴം രാവിലെ 9.30ന് രാമപുരം കവലയിൽനിന്ന് പ്രകടനം ആരംഭിക്കും. നഗരസഭയ്‌ക്കുമുന്നിലെ സമരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.








0 comments