നടന്നത് കുതിരക്കച്ചവടം : സിപിഐ എം
അവിശ്വാസം പാസായി ; കൂത്താട്ടുകുളത്ത് യുഡിഎഫ് ജനവഞ്ചന

കൂത്താട്ടുകുളം നഗരസഭ ഹാളിൽ നടന്ന എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു
കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ചൊവ്വ രാവിലെ നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭ അധ്യക്ഷ വിജയ ശിവനെതിരെയുള്ള അവിശ്വാസമാണ് ആദ്യം പരിഗണിച്ചത്. 25 കൗൺസിലർമാരിൽ യുഡിഎഫിലെ 11 അംഗങ്ങൾ ഉൾപ്പെടെ 13 പേർ അവിശ്വാസത്തെ പിന്തുണച്ചു. സ്വതന്ത്ര അംഗം പി ജി സുനിൽ കുമാറും എൽഡിഎഫ് തീരുമാനത്തിനു വിരുദ്ധമായി സിപിഐ എം അംഗം കല രാജുവും പ്രമേയത്തെ പിന്തുണച്ചു. ചർച്ചകളിൽ പങ്കെടുത്തശേഷം എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
ഉച്ചയ്ക്കുശേഷമാണ് നഗരസഭ ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസിനെതിരെയുള്ള അവിശ്വാസം ചർച്ചക്കെടുത്തത്.എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ നഗരസഭ ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസവും പാസായതായി വരണാധികാരി പ്രഖ്യാപിച്ചു.
നടന്നത് കുതിരക്കച്ചവടം : സിപിഐ എം
യുഡിഎഫിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം നഗരസഭയിൽ നടന്നത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് സിപിഐ എം ഏരിയ കമ്മിറ്റി. വൻതോതിൽ പണം മുടക്കിയാണ് കൗൺസിലറെ യുഡിഎഫ് വിലയ്ക്കെടുത്തത്. സാമ്പത്തികബാധ്യത തീർത്തുതരാമെന്ന് യുഡിഎഫ് നേതാക്കൾ സമ്മതിച്ചതായി മുമ്പ് കലാ രാജുതന്നെ പറഞ്ഞിട്ടുണ്ട്. വാർഡിലെ കുടുംബശ്രീ അംഗങ്ങളിൽനിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കലാ രാജുവിനെ അകറ്റിനിർത്തിയിരുന്നു. ഈ അവസരം മുതലെടുത്താണ് കോൺഗ്രസ് നേതാക്കൾ മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ കച്ചവടമുറപ്പിച്ചത്.
ഭരണസമിതിയുടെ കാലാവധി തീരാൻ ആഴ്‌ചകൾമാത്രം ബാക്കിയിരിക്കെ ഭരണപ്രതിസന്ധി സൃഷ്ടിച്ച് വികസനപ്രവർത്തനങ്ങളെ തടയുക എന്ന യുഡിഎഫ് ലക്ഷ്യമാണ് ഇവിടെ നടപ്പായത്. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സാമ്പത്തികവർഷത്തെ പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്ന ചിന്തപോലും യുഡിഎഫിനില്ല. പുതിയ ഭരണസമിതി വന്നാൽപ്പോലും പദ്ധതികൾ ആവിഷ്കരിക്കാനോ കമ്മിറ്റി കൂടാൻപോലുമോ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് സമയം കിട്ടില്ല.
ജനജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നല്ല യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്. ഏതുവിധേനയും ഭരണം പിടിക്കുക എന്നതാണ് ലക്ഷ്യം. കലാ രാജു കൂറുമാറിയെങ്കിലും അവരെ വിജയിപ്പിച്ച ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങൾ മറുപടി നൽകുമെന്നും സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് പറഞ്ഞു.








0 comments