കൂത്താട്ടുകുളം നഗരസഭ ; വഴിവിളക്ക് സാമഗ്രികൾ യുഡിഎഫ് അംഗങ്ങൾ കടത്തിയതായി പരാതി

കൂത്താട്ടുകുളം
കൂത്താട്ടുകുളം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണിക്കായി വാങ്ങിയ വഴിവിളക്ക് സാമഗ്രികൾ യുഡിഎഫ് കൗൺസിലർമാർ കടത്തിയതായി പരാതി. സംഭവത്തിൽ നഗരസഭ അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസ് എൽഡിഎഫ് അംഗങ്ങൾ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ സാമഗ്രികൾ ഓട്ടോയിൽ നഗരസഭയിൽ തിരികെ എത്തിച്ചു.
എൽഡിഎഫ് ഭരണസമിതി വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിക്കായി 6.5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇതുപ്രകാരം എത്തിച്ച സാമഗ്രികളാണ് യുഡിഎഫ് അംഗങ്ങൾ കടത്തിയത്. എൽഡിഎഫ് ആവശ്യപ്രകാരം അടിയന്തര കൗൺസിൽ യോഗം വിളിച്ചു. സാധനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുവാദവും സാന്നിധ്യവുമില്ലാതെ കടത്തിയത് തെറ്റാണെന്ന പൊതുവികാരം യോഗത്തിലുണ്ടായതായി എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
ഓരോ വാർഡിലും 55 ലൈറ്റുകൾവീതം നൽകാനുള്ള തിരുമാനമെടുത്തു. സമരം കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അംബിക രാജേന്ദ്രൻ അധ്യക്ഷയായി. വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി ആർ സന്ധ്യ എന്നിവർ സംസാരിച്ചു.








0 comments