കൂത്താട്ടുകുളം നഗരസഭയിലെ കെടുകാര്യസ്ഥത ; എൽഡിഎഫ് ഉപരോധം 25ന്

കൂത്താട്ടുകുളം
എൽഡിഎഫ് ഭരണം അട്ടിമറിച്ച് അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ് മുനിസിപ്പൽ സമിതി 25ന് നഗരസഭാ ഉപരോധം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.
സമരപ്രചരണാർഥം 23ന് രാവിലെ 8.30ന് ഇടയാർ ഓലക്കാടുനിന്ന് ആരംഭിക്കുന്ന വാഹനജാഥ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്യും. അഞ്ചു വർഷത്തിനിടെ നാല് ചെയർമാൻമാർ മാറി മാറി ഭരിച്ച മുൻ യുഡിഎഫ് ഭരണത്തെ തൂത്തെറിഞ്ഞാണ് 2020ൽ എൽഡിഎഫ് അധികാരമേറ്റത്.
നാലേമുക്കാൽവർഷം സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം നടത്തി. അപേക്ഷിച്ച എല്ലാവർക്കും ലൈഫിൽ വീട് നൽകി. ഗവ. ആശുപത്രിയിൽ 24 മണിക്കൂർ ഡോക്ടർ, ലാബ്, എക്സ് റേ തുടങ്ങി എല്ലാ സൗകര്യങ്ങളുമൊരുക്കി. ഗവ. ആയുർവേദ ആശുപത്രി ജില്ലയിലെ മികച്ച ആശുപത്രിയാക്കി മാറ്റി. ഇടയാറും ചോരക്കുഴിയിലും വെൽനെസ് സെന്ററുകളും തുടങ്ങി. ഈ സാമ്പത്തിക വർഷം 23 കോടിയുടെ വികസനപദ്ധതി നടപ്പാക്കുന്നതിനിടെയാണ് അവിശ്വാസപ്രമേയവും കുതിരക്കച്ചവടവും നടത്തി യുഡിഎഫ് ഭരണപ്രതിസന്ധി ഉണ്ടാക്കിയത്.
പദ്ധതി നിർവഹണത്തിലെ നിർണായകമായ രണ്ടു മാസം നഷ്ടമാക്കി. അധികാരമേറ്റശേഷം യുഡിഎഫ് കൗൺസിലർമാരും ചെയർപേഴ്സണും ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സമുണ്ടാക്കുന്നു. 40 ലക്ഷം രൂപ ചെലവിൽ ശ്രീധരീയം നടപ്പുറം റോഡ് വാക്‌വേ ഉൾപ്പെടുത്തി നവീകരണം, 26 ഡിവിഷനുകളിലെ വിവിധ റോഡുകളുടെ ടാറിങ്, ആയുർവേദ ആശുപത്രിയിൽ ഒരുകോടി രൂപയ്‌ക്ക് നിർമിച്ച കെട്ടിടത്തിന് ഫർണിച്ചർ വാങ്ങൽ എന്നിവ തുടങ്ങാനായില്ലെന്നും നേതാക്കൾ പറഞ്ഞു. വർത്താസമ്മേളനത്തിൽ സി എൻ പ്രഭ കുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, ബിനീഷ് കെ തുളസിദാസ്, എം എം അശോകൻ, അരുൺ അശോകൻ എന്നിവർ പങ്കെടുത്തു.








0 comments