സംസ്‌കൃത സിനിമ ഏകാകി
സംവിധാനം പൊലീസ്, വൈദികൻ, അധ്യാപകൻ

അയ്യമ്പുഴ ഹരികുമാർ, ഫാ. ജോൺ പുതുവ, പ്രസാദ് പാറപ്പുറം
സ്വന്തം ലേഖകൻ
Published on Jan 06, 2025, 02:25 AM | 1 min read
കൊച്ചി
പൊലീസിന്റെയും വൈദികന്റെയും അധ്യാപകന്റെയും സൗഹൃദത്തിൽനിന്നുമൊരു സംസ്‌കൃത സിനിമ–-ഏകാകി. എറണാകുളം റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ പ്രസാദ് പാറപ്പുറവും ഓസ്ട്രേലിയയിൽ വൈദികനായ ഫാ. ജോൺ പുതുവയും ചേർത്തല മണപ്പുറം സ്കൂളിലെ അധ്യാപകനായ അയ്യമ്പുഴ ഹരികുമാറും ചേർന്ന് ഒരുക്കിയ സിനിമ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും മൂവരും ചേർന്നാണ്.
കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവൻ എന്ന നാടക കലാകാരനാണ് സിനിമയിലെ ഏക കഥാപാത്രം. വാസുദേവനായി നാടകനടൻ സുരേഷ് കാലടി അഭിനയിക്കുന്നു. ഒരു കഥാപാത്രം മാത്രം അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്കൃത സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്ന് സംവിധായകർ പറയുന്നു.
കളേഴ്സ് എന്ന തമിഴ് ചിത്രമുൾപ്പെടെ മൂന്ന് സിനിമകൾക്ക് തിരക്കഥ എഴുതുകയും മുന്നൂറിലേറെ എപ്പിസോഡ് ഡോക്യുമെന്ററികൾ സംവിധാനം ചെയ്‌തിട്ടുണ്ട് പ്രസാദ് പാറപ്പുറം. പത്ത് പുസ്തകങ്ങളുടെ രചയിതാവാണ് ഫാ. ജോൺ പുതുവ. 15 ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഷിജോ വർഗീസാണ് കോ ഡയറക്ടർ. ഡോ. പി പി പ്രതാപൻ ആലാപനവും ശിവകൃഷ്ണൻ മാണിക്കമംഗലം, അമൽ സാജു, സുരേഷ് ബാബു എന്നിവർ സംഗീതവും നിർവഹിക്കുന്നു. സിനീഷ് ഓടക്കാലിയാണ് എഡിറ്റർ. സുജിത് ശിവയാണ് കാമറ.









0 comments