ad
Deshabhimani

ഉറക്കമില്ലാതെ ഫുട്‌ബോൾ പ്രേമികൾ

രാവ്‌ പകലാക്കി കാൽപ്പന്ത്‌ ആരവം

ഉറക്കമില്ലാതെ ഫുട്‌ബോൾ പ്രേമികൾ
വെബ് ഡെസ്ക്

Published on Jun 18, 2026, 12:01 AM | 1 min read

കൽപ്പറ്റ അർധരാത്രിമുതൽ പുലർച്ചെവരെ നീളുന്ന കാൽപ്പന്ത്‌ ആരവം ഗ്രാമ–നഗരങ്ങളിൽ രാവ്‌ പകലാക്കുന്നു. ലോകം പന്തിനെ ചുറ്റുമ്പോൾ ഫിഫ ലോകകപ്പ്‌ ആവേശത്തിലാണ്‌ ജില്ലയും. ലോകകപ്പ്‌ ആരംഭിച്ച്‌ ഏഴാംദിവസം ഇതിഹാസ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫ്രാൻസിന്റെ മിന്നുംതാരം എംബാപ്പെയും കളത്തിലെത്തിയത്‌ കളിയാവേശം കൊടുമുടിയിലെത്തിച്ചു. ബുധൻ അർധരാത്രി 12.30ന് ആരംഭിച്ച്‌ 2.30ന്‌ അവസാനിച്ച ഫ്രാൻസ്‌– സെനഗൽ പോരാട്ടം ഉറക്കമിളച്ചുകണ്ട ആരാധകർ പുലർച്ചെ 6.30ന്‌ തുടങ്ങിയ അർജന്റീന– അൾജീരിയ മത്സരം ആരംഭിക്കുന്നതിനുമുന്നേ സ്‌ക്രീനിനുമുന്നിൽ ഇരിപ്പുറപ്പിച്ചിരുന്നു. അവസാന നിമിഷവും ത്രില്ലടിപ്പിച്ച ഫ്രാൻസ്‌– സെനഗൽ പോരാട്ടത്തെക്കുറിച്ച്‌ ചർച്ച ചെയ്‌ത്‌ ഉറക്കമില്ലാതെയാണ്‌ പലരും കളി കാണാനെത്തിയത്‌. മെസിയുടെയും റൊണാൾഡോയുടെയും ‘ലാസ്റ്റ്‌ ഡാൻസ്‌’ കാണാൻ പ്രായഭേദമന്യേയാണ്‌ ആരാധകക്കൂട്ടം ‘ബിഗ്‌ സ്‌ക്രീൻ’ പ്രദർശന ഇടങ്ങളിലേക്ക്‌ ഒഴുകിയത്‌. ലോകകപ്പ്‌ ആരംഭിച്ചശേഷം രാത്രിമുതൽ പുലർച്ചെവരെ ബിഗ്‌ സ്‌ക്രീൻ പ്രദർശനമുള്ള ക്ലബ്ബുകളിലും വായനശാലകളിലുമാണ്‌ കാൽപ്പന്തുപ്രേമികൾ. നിരവധി പേരാണ്‌ കുടുംബസമേതം കളികാണാനെത്തുന്നത്‌. ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും ജില്ലയിൽ വിവിധയിടങ്ങളിൽ കടമുറികൾ വാടകയ്‌ക്കെടുത്തും പന്തൽ കെട്ടിയും ബിഗ്‌ സ്‌ക്രീൻ ഒരുക്കിയിട്ടുണ്ട്‌. വീടുകളിലും ഉറക്കമില്ലാത്ത ആഘോഷമാണ്‌. കഴിഞ്ഞ ദിവസങ്ങളിലെ ബ്രസീൽ, ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ മത്സരങ്ങളെയും ഉത്സവാന്തരീക്ഷത്തിലാണ്‌ ആരാധകർ വരവേറ്റത്‌. ഗ്രൂപ്പ്‌ മത്സരം ആരംഭിച്ചിട്ടും ‘കട്ട‍ൗട്ട്‌ യുദ്ധം’ തീർന്നിട്ടില്ല. എതിർ ടീമിന്റെ ഫെക്ല്‌സിനെക്കാളും ഉയരത്തിലും നീളത്തിലും സ്വന്തം ടീമിന്റെ ഫെക്ല്‌സ്‌ സ്ഥാപിക്കാനുള്ള മത്സരം തുടരുകയാണ്‌. കോളേജുകളിലും സ്‌കൂളുകളിലും ഫുട്‌ബോൾ ആരവം കളറാണ്‌. ഇഷ്‌ട ടീമുകളുടെ ജഴ്‌സിയാണിപ്പോൾ കോളേജുകളിലെ വേഷം. ഓഫീസുകളിലും പലരും ജഴ്‌സി അണിഞ്ഞ്‌ എത്തുന്നുണ്ട്‌. ഗ്രൂപ്പ്‌ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബിഗ്‌ സ്‌ക്രീൻ പ്രദർശനങ്ങളുടെ എണ്ണവും ആരാധകരുടെ ആവേശവും ഇരട്ടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home