സമരത്തിനിറങ്ങി ജീവനക്കാർ ജില്ലയിലും ചട്ടവിരുദ്ധ സ്ഥലംമാറ്റം

കൽപ്പറ്റ തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ സർവീസ് ചട്ടങ്ങൾ പാലിക്കാതെ കോൺഗ്രസ് സംഘടനയുടെ നിർദേശപ്രകാരം ജില്ലയിലും ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥലംമാറ്റി. സഹകരണ, ആരോഗ്യ വകുപ്പുകളിലാണ് ചട്ടവിരുദ്ധ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. നിയമവിരുദ്ധ നടപടിക്കെതിരെ എൻജിഒ യൂണിയൻ സമരം ആരംഭിച്ചു. സഹകരണ വകുപ്പിൽ വനിതാ ജീവനക്കാരെ ഉൾപ്പടെ 19 പേരെയാണ് തലങ്ങും വിലങ്ങും മാറ്റിയത്. സഹകരണ ജോയിന്റ് ഡയറക്ടറുടേതാണ് (ഓഡിറ്റ്) ഉത്തരവ്. സഹകരണ ഇൻസ്‌പെക്ടർമാരെയും ഓഡിറ്റർമാരെയുമാണ് കൂട്ടത്തോടെ മാറ്റിയത്. ശസ്‌ത്രക്രിയ കഴിഞ്ഞ് ശാരീരിക പ്രയാസമുള്ള വനിതാ ജീവനക്കാരിയെ ബത്തേരിയിൽനിന്ന് മാനന്തവാടിയിലേക്ക് മാറ്റി. എൻജിഒ യൂണിയൻ ബത്തേരി ഏരിയാ ജോയിന്റ് സെക്രട്ടറി അരവിന്ദ് മോഹനെ ബത്തേരിയിൽനിന്ന് മാനന്തവാടിയിലേക്കും ജില്ലാ കൗൺസിൽ അംഗം എ ആർ രജിത്തിനെ മാനന്തവാടിയിൽനിന്ന് ബത്തേരിയിലേക്കും മാറ്റി. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസിൽനിന്നും മറ്റു സ്ഥാപനങ്ങളിൽനിന്നും വർക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരിലാണ് ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്. അഞ്ച് സീനിയർ ക്ലർക്കുമാർക്കും ഒരു ക്ലർക്കിനുമാണ് മാറ്റം. ജില്ലാ മെഡിക്കൽ ഓഫീസിൽനിന്ന് മാറ്റിയവർക്ക് ആനുപാതികമായി പകരം ആളുകളെ നിയമിച്ചിട്ടുമില്ല. എൻജിഒ അസോസിയേഷൻ നേതാക്കൾ എഴുതിക്കൊടുത്ത പട്ടികപ്രകാരമാണ് വകുപ്പ് മേധാവികൾ ഉത്തരവിറക്കിയതെന്ന് എൻജിഒ യൂണിയൻ ആരോപിച്ചു. നിയമവിരുദ്ധമായി ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണം. സംസ്ഥാനത്താകെ ചട്ടവിരുദ്ധമായ കൂട്ടസ്ഥലംമാറ്റത്തിനെതിരെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് എൻജിഒ യൂണിയൻ.










0 comments