ad
Deshabhimani

ഹെഡ്‌പോസ്റ്റ്‌ ഓഫീസ്‌ വളഞ്ഞ്‌ എസ്‌എഫ്‌ഐ

‘തകര്‌ തകര്‌ കാരിരുമ്പിൻ കോട്ടകൾ’

എസ്‌എഫ്‌ഐ
വെബ് ഡെസ്ക്

Published on Jul 24, 2026, 12:00 AM | 1 min read

കൽപ്പറ്റ ഡൽഹിയിലെ മഹാവിദ്യാർഥി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി ജില്ലയിലും തെരുവിലിറങ്ങി ആയിരക്കണക്കിന്‌ വിദ്യാർഥികൾ. നീറ്റ്‌ പരീക്ഷ അട്ടിമറിച്ച്‌ ഇരുപതിലധികം വിദ്യാർഥികളെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ എസ്‌എഫ്ഐ നടത്തിയ അവകാശപത്രികാ മാർച്ചിൽ പ്രതിഷേധം അണപൊട്ടി. കൽപ്പറ്റ ഹെഡ്‌പോസ്റ്റ്‌ ഓഫീസ്‌ വളഞ്ഞാണ്‌ എസ്‌എഫ്‌ഐ സമരജ്വാല തീർത്തത്‌. രാജ്യത്തിന്റെ ഭാവിയെ വെല്ലുവിളിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ തെരുവിൽ ചോദ്യംചെയ്‌തു. ഡൽഹിയിൽ വിദ്യാർഥികളെ ക്രൂരമായി അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ ഭീകരതക്കെതിരെ ഇടിമുഴക്കമായി മുദ്രാവാക്യം മുഴങ്ങി. മോദി ജനാധിപത്യ ഇന്ത്യയുടെ അന്തകനാണെന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ പൊലീസ്‌ തടഞ്ഞു. നൂറുകണക്കിന്‌ പ്രവർത്തകർ ബാരിക്കേഡ്‌ ചാടിക്കടന്ന്‌ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിന്‌ അകത്തുകയറി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗരി, സെക്രട്ടറി എം എസ്‌ ആദർശ്‌ ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലംപ്രയോഗിച്ച്‌ അറസ്റ്റുചെയ്‌തുനീക്കി. പൊലീസ്‌ വാഹനങ്ങൾക്കുള്ളിൽനിന്ന്‌ മുദ്രാവാക്യംമുഴക്കി വിദ്യാർഥികൾ പ്രതിഷേധിച്ചു. ജില്ലാ ഭാരവാഹികളടക്കമുള്ളവരെ അറസ്റ്റുചെയ്‌തതിൽ പ്രതിഷേധിച്ച്‌ പ്രവർത്തകർ വീണ്ടും പ്രകടനം നടത്തി. എസ്‌എഫ്‌ഐ സർക്കാരിന്‌ നൽകിയ അവകാശപത്രിക അംഗീകരിക്കണമെന്ന ആവശ്യവും ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗം ആര്യപ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. ഗുണ്ടായിസത്തിലൂടെ കേന്ദ്രസർക്കാർ ജനാധിപത്യസമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യമാകെ പ്രക്ഷോഭം ആളിപ്പടരുമെന്ന്‌ ആര്യപ്രസാദ്‌ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗരി അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ, അഥീന ഫ്രാൻസിസ്‌, മുഹമ്മദ്‌ ഷിബിലി, ഇ എ സായന്ത്‌ കൃഷ്‌ണ, സി ആർ വിഷ്‌ണു, എ അബിൻ ബാബു, സച്ചു ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം എസ്‌ ആദർശ്‌ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home