അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കണം കൂട്ടധർണയുമായി കെഎസ്ടിഎ

കൽപ്പറ്റ പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌ടിഎ സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടധർണ നടത്തി. നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. സെൻസസ് അടക്കമുള്ള ഔദ്യോഗിക ചുമതലകളിലുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണം. പകരം ദിവസവേതനാടിസ്ഥാനത്തിൽ അടിയന്തരമായി അധ്യാപകരെ നിയമിക്കണം. മാസങ്ങളായി തുടരുന്ന അധ്യാപകരുടെ പൊതുസ്ഥലംമാറ്റ നടപടി അടിയന്തരമായി പൂർത്തിയാക്കണം. ധവളപത്രത്തിന്റെ മറവിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ ഇളക്കുന്ന നടപടികളിൽനിന്ന് പിന്മാറണം, പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണം, ഗോത്ര ബന്ധു അധ്യാപകരെ പിരിച്ചുവിട്ട നടപടി പിൻവലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്‌മിജ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി എ ദേവകി സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ബിജു നന്ദിയും പറഞ്ഞു.









0 comments