രോഷം അണപൊട്ടി പൊലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

ബത്തേരി സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലനെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോകാത്തതിനെ തുടർന്ന് രക്തംവാർന്ന് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി പൊലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐയുടെ ഉജ്വല മാർച്ച്. നൂറുകണക്കിന് യുവജനങ്ങൾ മാർച്ചിൽ അണിനിരന്നു. പൊലീസിന്റെ മനുഷ്യത്വവിരുദ്ധ നടപടിക്കെതിരെ രോഷം ജ്വലിച്ചു. ബത്തേരി എ കെ ജി മന്ദിരത്തിൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ പൊലീസ് സ്‌റ്റേഷന് മുന്നിലേക്ക് എത്തിയത്. വലിയ ബാരിക്കേഡുകളുയർത്തി തടഞ്ഞു. ഒരുവിഭാഗം പൊലീസുകാർ പ്രകോപനത്തിനും ശ്രമിച്ചു. മുത്തങ്ങ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനുവിന്റെ മകനും കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥിയുമായ മനുവാണ് കഴിഞ്ഞ 14ന് രക്തംവാർന്ന് മരിച്ചത്. ദേശീയപാതയോട് ചേർന്നായിരന്നു സൈക്കിൾ അപകടം. രക്തംവാർന്നൊഴുകുന്ന മനുവിനെ തോളിലിട്ട് അച്ഛൻ ദേശീയപാതയിൽ നിൽക്കുന്പോൾ സ്ഥലത്തെത്തിയ ഹൈവേ പൊലീസ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകൻ തയ്യാറായില്ല. വിളിച്ച് ഒരുമണിക്കൂർ വൈകിയാണ് ആംബുലൻസെത്തി മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചയുടൻ മരിച്ചു. അഞ്ച് മിനിറ്റുമുന്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ആംബുലൻസിന് കാത്തുനിന്ന പൊലീസിന്റെ ക്രൂരതയാണ് ആദിവാസി ബാലന്റെ ജീവനെടുത്തത്. കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടികളും നിയമനടപടികളും സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കർശന നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് മാർച്ച് ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബിസൻ ജെയിംസ്, അർജുൻ ഗോപാൽ, പി ജംഷീദ്, വൈസ് പ്രസിഡന്റ് വി ബി ബബീഷ്, ടി പി ഋതുശോബ്, കെ കെ ഇസ്മയിൽ, സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എസ് ഹരിശങ്കർ, കെ വി അനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ സ്വാഗതവും കെ വി അനീഷ് നന്ദിയും പറഞ്ഞു.










0 comments