ഇന്ന് നീലേശ്വരത്തും ചുള്ളിക്കരയിലും സെമിനാർ

സ്വന്തം ലേഖകൻ
Published on Jan 13, 2025, 10:34 PM | 1 min read
കാഞ്ഞങ്ങാട്
ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായ സെമിനാറുകൾക്ക് ചൊവ്വാഴ്‌ച തുടക്കം. എല്ലാ ഏരിയകളിലും പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും കാഞ്ഞങ്ങാട്ട് വിപുലമായ കലാകായിക പരിപാടികളും ചരിത്ര പ്രദർശനവും നടക്കുമെന്ന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ പകൽ മൂന്നിന് ‘വിജ്ഞാന സമ്പദ്ഘടനയും കേരളവും’ എന്ന വിഷയത്തിൽ നീലേശ്വരം ആരാധന ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ മുൻമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സംസാരിക്കും. ‘ചരിത്രത്തിലെ തിരുത്തുകൾ’ എന്ന വിഷയത്തിൽ ചുള്ളിക്കരയിൽ പകൽ മൂന്നിന് നടക്കുന്ന സെമിനാറിൽ ദേശാഭിമാനി ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്തും ഡോ. മാളവിക ബിന്നിയും സംസാരിക്കും. കായിക മത്സരങ്ങൾക്ക് ബുധനാഴ്‌ച തുടക്കമാകും. അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് പുരുഷ വടംവലി നടക്കും. വൈകിട്ട് കിഴക്കുംകരയിൽ കൈകൊട്ടിക്കളിയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ജില്ലാസെക്രട്ടറിയറ്റംഗം വി വി രമേശൻ, ഏരിയാസെക്രട്ടറി കെ രാജ്മോഹൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ അഡ്വ. പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, എം രാഘവൻ, അഡ്വ. സി ഷുക്കൂർ, ഡോ. സി ബാലൻ എന്നിവരും പങ്കെടുത്തു. പതാകദിനം നാളെ കാഞ്ഞങ്ങാട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാകദിനം 15 ന് നടക്കും. ജില്ലയിലെ മുഴുവൻ പാർടി ഓഫീസുകളിലും പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയരും. ആകർഷകമായ പ്രചാരണ കുടിലുകൾ, ശിൽപങ്ങൾ എന്നിവ നിർമിക്കും. ഏരിയാതലത്തിലും തുടർന്ന് ജില്ലാ അടിസ്ഥാനത്തിലും മത്സരാടിസ്ഥാനത്തിലാണ് പ്രചാരണം.









0 comments