മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണം

പാലക്കാട്
ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിവിധ പ്രദേശങ്ങളിലായി 19 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ശരീരത്തിൽ പ്രവേശിക്കുന്ന ഹെപ്പറ്റൈറ്റിസ് -എ വൈറസാണ് മഞ്ഞപ്പിത്തത്തിന് കാരണം. ഇതുവഴി കരളിലെ കോശങ്ങൾ നശിക്കുന്നു. കരളിന്റെ പ്രവർത്തനം തകരാറിലാകുകയും രക്തത്തിൽ ബിലിറൂബിന്റെ അംശം കൂടുകയും ചെയ്യുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചർമത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധിതനായ ഒരാളുടെ മലം വഴി മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയും ഈച്ചയിരുന്ന് മലിനമാക്കപ്പെട്ട ഭക്ഷണത്തിലൂടെയും രോഗിയുമായി സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശ്രദ്ധിക്കാം
● രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക ● രോഗി ഉപയോഗിച്ച പാത്രങ്ങളും തുണികളും മറ്റുള്ളവർ ഉപയോഗിക്കരുത് ● രോഗി ഉപയോഗിച്ച കക്കൂസ് ബ്ലീച്ചിങ് സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയാക്കുക ● ഛർദ്ദി ഉണ്ടെങ്കിൽ ശൗചാലയത്തിൽത്തന്നെ നിർമാർജനം ചെയ്യുക ● കുടിവെളള സ്രോതസ്സുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക ● പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക ● കുടിക്കാനും ഭക്ഷണം പാകംചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക ● പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത് ● വ്യക്തി ശുചിത്വം പാലിക്കുക








0 comments