ജില്ലാ സാക്ഷരതാ മിഷന്റെ ബ്രെയിലി പഠിതാക്കളുടെ സംഗമത്തിൽ എൺപതുകാരി ദേവയാനിയും
നിറയുന്നു അറിവിൻ വെളിച്ചം

പാലക്കാട് ഗവ.മോയൻ എൽപി സ്കൂളിൽ നടന്ന സാക്ഷരതാ മിഷന്റെ ബ്രെയിൽ പഠിതാക്കളുടെ സംഗമത്തിൽ വിരലോടിച്ച് പുസ്തകം വായിക്കുന്ന മോഹനൻ നെന്മാറ

സ്വന്തം ലേഖകൻ
Published on Jun 30, 2025, 12:43 AM | 2 min read
പാലക്കാട് "
"കുത്തുകളിൽ വിരല് തൊട്ടുതൊട്ട് വായിക്കും. കഴിയുന്നപോലെ ഇനിയും വായിക്കും. കൂടെ ഇവരൊക്കെ ഉണ്ടല്ലോ'. ഇത് പറയുമ്പോൾ കാലം ചുളിവുകൾ വീഴ്‌ത്തിയ ആ മുഖത്ത് അഭിമാനം നിറഞ്ഞു. ജീവിതത്തിൽ നിസാര തിരിച്ചടികളിൽ പതറിപ്പോകുന്നവർ അറിയണം പാലക്കാട് വടക്കന്തറ സ്വദേശി ദേവയാനിയെ. രണ്ടാം വയസ്സിൽ കാഴ്‌ച നഷ്‌ടമായ ഇവർക്ക് ഇപ്പോൾ 80 വയസ്സുണ്ട്. ആത്മവിശ്വാസവും സ്ഥിരോത്സാഹവുമാണ് ദേവയാനിയുടെ ജീവിതത്തിൽ വെളിച്ചം പകർന്നത്. വാർധക്യത്തിന്റെ അവശതകളിലും പിൻമാറാൻ അവർ തയ്യാറല്ല. അതുകൊണ്ടാണ് ജില്ലാ സാക്ഷരതാ മിഷന്റെ ബ്രെയിലി പഠിതാക്കളുടെ സംഗമത്തിന് ആവേശത്തോടെ അവർ എത്തിയത്. അറുപതോളം കാഴ്‌ച പരിമിതരാണ് പാലക്കാട് ഗവ. മോയൻ സ്കൂളിൽ സംഗമത്തിന് എത്തിയത്. ജനുവരിയിലാണ് സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷൻ ഫോർ ബ്ലൈൻഡ്സിന്റെയും നേതൃത്വത്തിൽ ബ്രെയിലി പഠനക്ലാസ് ആരംഭിച്ചത്. കാഴ്‌ച പരിമിതരുടെ സ്കൂളുകളിൽ പഠിക്കാൻ സാധിക്കാത്തവർക്ക് ശാസ്‌ത്രീയ വിദ്യാഭ്യാസം നൽകലാണ് ലക്ഷ്യം. ആലത്തൂർ, മലമ്പുഴ, പാലക്കാട്, ശ്രീകൃഷ്ണപുരം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകളിൽ നൂറോളം അംഗങ്ങളുണ്ട്. ജന്മനാ കാഴ്‌ചയില്ലാത്തവരെക്കൂടാതെ ഇടക്കാലത്ത് കാഴ്‌ച നഷ്‌ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. പഞ്ചായത്തുകളിൽ സർവേ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. പഠിതാക്കൾക്ക് തൊഴിൽ പരിശീലനവും നൽകുന്നു. ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംഗമം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ ജി ഒലീന ഉദ്‌ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ സമിതിയംഗം ഒ വിജയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ മുഖ്യാതിഥിയായി. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ ലൈബ്രറി പുസ്തകം കൈമാറി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ പ്രസിഡന്റ് വി എ ചന്ദ്രമോഹൻ പദ്ധതി വിശദീകരിച്ചു. തുല്യതാ പഠിതാവ് ശശികലയെയും വിരമിക്കുന്ന അധ്യാപകൻ വി എ ചന്ദ്രമോഹനെയും ആദരിച്ചു. കൗൺസിലർ സെയ്‌തു മീരാൻ, സാക്ഷരതാ സമിതിയംഗം ഡോ. പി സി ഏലിയാമ്മ, കെഎഫ്‌ബി ജില്ലാ സെക്രട്ടറി എം കെ ഷെരീഫ് എന്നിവർ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ –-ഓർഡിനേറ്റർ സജി തോമസ് സ്വാഗതവും അസിസ്റ്റന്റ് കോ –-ഓർഡിനേറ്റർ പി വി പാർവതി നന്ദിയും പറഞ്ഞു.









0 comments