അന്താരാഷ്ട്ര സ്വതന്ത്ര ചലച്ചിത്രമേളയ്‌ക്ക് തുടക്കമായി
ടോളിവുഡ് ടു മോളിവുഡ്

സ്വന്തം ലേഖിക
Published on May 07, 2026, 12:13 AM | 1 min read
കോഴിക്കോട്
ഇത്തിരി ഹൽവയും ബിരിയാണിയും ഒത്തിരി സിനിമാ വിശേഷങ്ങളും സ്വപ്നംകണ്ടാണ് സാഹിത് മുര്‍ചേലയും ധനുഷ് ദണ്ടുവും ഹൈദരാബാദിൽനിന്ന് വണ്ടി കയറിയത്. കോഴിക്കോടിന്റെ മണ്ണിൽ കാലുകുത്തിയ നിമിഷംമുതൽ മോളിവുഡ് സിനിമകളുടെ കഥാപശ്ചാത്തലങ്ങൾ അവര്‍ നേരിൽ കാണുകയായിരുന്നു. അന്താരാഷ്ട്ര സ്വതന്ത്ര ചലച്ചിത്രമേളയുടെ ഭാഗമായാണ് ഇരുവരും ആദ്യമായി കേരളത്തിലെത്തുന്നത്. മേളയിൽ എട്ടിന് രാവിലെ ഒമ്പതിന് പ്രദര്‍ശിപ്പിക്കുന്ന ആസ് ടൈം എക്കോസ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് സാഹിത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാളാണ് ധനുഷ്. പാരലൽ സിനിമകളെ മുഖ്യധാരയിലേക്ക് എത്തിച്ച മലയാളമണ്ണിൽ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. "രാജ്യത്ത് തന്നെ വ്യത്യസ്തവും മികച്ചതുമായ ചിത്രങ്ങൾ പിറവിയെടുത്തത് കേരളത്തിൽനിന്നാണ്. പോസ്റ്റ് ബാഹുബലി ഇഫക്ട് ഇന്നും നിലനിൽക്കുന്ന ടോളിവുഡിൽ കൊമേഴ്സ്യൽ ചിത്രങ്ങൾക്കാണ് സ്ഥാനം. എന്നാൽ, മലയാളികൾ കാമ്പുള്ള സിനിമകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ്. കുമ്പളങ്ങി നൈറ്റ്സും ബാംഗ്ലൂര്‍ ഡെയ്സുമെല്ലാം ഏറെ ആസ്വദിച്ച ചിത്രങ്ങളാണ്. കൂടുതൽ മലയാള ചിത്രങ്ങൾ കാണണമെന്നുണ്ട്'– സാഹിത് മുര്‍ചേല പറഞ്ഞു. യുവാവും മുത്തശ്ശനുമായുള്ള ആത്മബന്ധമാണ് ആസ് ടൈം എക്കോസിന്റെ ഇതിവൃത്തം. മുംബൈ സ്വതന്ത്ര ചലച്ചിത്രമേളയിൽ മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിൽ രണ്ടാംസ്ഥാനത്തെത്തിയിരുന്നു.










0 comments