Deshabhimani

ഉത്സവലഹരിയിൽ വേളാത്തെരുവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജി കൃഷ്ണപ്രസാദ്

Published on Nov 10, 2026, 01:41 AM | 1 min read

കുന്നിക്കോട്

വൃശ്ചികത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തെങ്കാശി ജില്ലയിലെ വേളാത്തെരുവ് ഉത്സവലഹരിയിലാണ്. ക്ഷേത്രങ്ങളിലെ പൊങ്കാല മഹോത്സവങ്ങൾക്ക് ആവശ്യമായ മൺകലങ്ങളും മൺപാത്രങ്ങളും ഒരുക്കുന്ന തിരക്കിലാണ് ഗ്രാമീണരായ കരകൗശല തൊഴിലാളികൾ. കളിമണ്ണിലും ചെമ്മണ്ണിലും തീർത്ത പൊങ്കാലക്കലങ്ങളും ചട്ടികളും ചൂളയിലിട്ട് ചുട്ടെടുത്ത് പുറത്തെത്തിക്കുന്നതോടെ ഗ്രാമം ഉത്സവത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നായി ഇത്തവണയും വൻതോതിലുള്ള ഓർഡറുകളാണ് ഇവിടെ എത്തിയത്. മൺപാത്ര സൊസൈറ്റി മുഖേനയാണ് ഓർഡറുകൾ ശേഖരിക്കുന്നത്. മൊത്തവ്യാപാരത്തിനും ചില്ലറ വിൽപ്പനയ്ക്കുമായി കലങ്ങൾ തയ്യാറാക്കുന്നുണ്ട്. ഉത്സവകാലം അടുക്കുന്നതോടെ ഉൽപ്പാദനവും വിപണനവും ഒരുപോലെ സജീവമാകും. വയലുകളിൽനിന്നും വെള്ളമയമുള്ള പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിച്ചെത്തിക്കുന്ന മണ്ണ് അരിച്ചെടുത്താണ് നിർമാണത്തിന് ഒരുക്കുന്നത്. ആവശ്യമായ അനുപാതത്തിൽ കളിമണ്ണും ചെമ്മണ്ണും ചേർത്ത് പ്രത്യേക രീതിയിൽ കുഴച്ച് യന്ത്രസഹായത്തോടെ അരച്ചെടുത്ത് പാകപ്പെടുത്തും. തുടർന്ന് പരിചയസമ്പന്നരായ തൊഴിലാളികളുടെ കൈകളിലൂടെ മൺകലങ്ങൾക്കും പാത്രങ്ങൾക്കും രൂപം തെളിയും. ഓരോ കലത്തിന്റെയും വലിപ്പവും രൂപവും ആവശ്യാനുസരണം ക്രമീകരിച്ചാണ് നിർമാണം. രൂപപ്പെടുത്തിയെടുത്ത പാത്രങ്ങൾ വെയിലത്ത് ഉണക്കിയശേഷം ചൂളയിൽ അടുക്കിയിട്ട് ചുട്ടെടുക്കും. കൃത്യമായ ചൂടും സമയവും ഉറപ്പാക്കിയാലേ പൊട്ടലുകളില്ലാത്ത ഉറപ്പുള്ള കലങ്ങൾ ലഭിക്കൂ. തലമുറകളായി കൈമാറിവന്ന മൺപാത്രനിർമാണ വൈദഗ്ധ്യമാണ് വേളാത്തെരുവിന്റെ കരുത്ത്. ഉത്സവകാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പാദനം വർധിപ്പിക്കുന്ന ഇവിടത്തെ തൊഴിലാളികൾക്ക് കേരളത്തിൽനിന്നുള്ള ഓർഡറുകൾ വലിയ ആശ്വാസമാണ്. മണ്ണിൽനിന്ന് രൂപംകൊള്ളുന്ന ഓരോ കലവും ചൂളയിലെ ചൂടേറ്റു കരുത്താർജിച്ച് കേരളത്തിലെ അടുപ്പുകളിലേക്ക് യാത്രയാകുമ്പോൾ അതിനുപിന്നിൽ ഒരു ഗ്രാമത്തിന്റെ അധ്വാനവും പാരമ്പര്യവുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home