മാലിന്യവാഹിനി തെളിഞ്ഞൊഴുകിയ മാറ്റം

നവീകരിച്ച കൊല്ലം തോട് ഇരവിപുരം പനമൂട് നിന്നുള്ള കാഴ്ച
എസ് അനന്തവിഷ്ണു
Published on Apr 08, 2026, 12:40 AM | 1 min read
കൊല്ലം
നഗരത്തിന്റെ ചരിത്രവും സംസ്‌കാരവും പേറി അക്ഷീണം കുതിച്ചും കിതച്ചും മരണമണി മുഴക്കിയിരുന്ന ഒരു ജലപാതയെ വീണ്ടെടുത്തതിന്റെ നിറവിലാണ് ഇടതുപക്ഷ സർക്കാർ. വിസ്മൃതിയുടെയും അവഗണനയുടെയും ഇരുൾക്കയത്തിൽനിന്ന് വെളിച്ചത്തിലേക്ക് തുഴഞ്ഞുകയറിയ നമ്മുടെ സ്വന്തം കൊല്ലം തോട്. നാടിന്റെ മാലിന്യം പേറിയിരുന്ന അവസ്ഥയിൽനിന്ന് ഇന്നത്തെ തെളിനീരൊഴുകുന്ന അവസ്ഥയിലേക്ക് തോടിനെ മാറ്റിയെടുത്തത് എംഎൽഎമാരായ എം നൗഷാദിന്റെയും എം മുകേഷിന്റെയും പരിശ്രമഫലമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ തിരുവിതാംകൂറിന്റെ സാമ്പത്തിക സിരയായിരുന്നു കൊല്ലം തോട്. ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമായിരുന്ന കൊല്ലത്തുനിന്ന് ചരക്ക് നീക്കാനുള്ള പ്രധാനപ്പെട്ട മാർഗം ടിഎസ് കനാലിന്റെ ഭാഗമായിരുന്ന കൊല്ലം തോടായിരുന്നു. തിരുവനന്തപുരത്തെയും ഷൊർണ്ണൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ നീണ്ട ജലപാതയിലൂടെയുള്ള ഗതാഗതം കൊല്ലം നഗരത്തെ ഒരു വലിയ "ട്രാൻസിറ്റ് ഹബ്ബാ'ക്കി മാറ്റിയിരുന്നു. നഗരത്തെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമാക്കി മാറ്റിയതിലും പ്രധാന പങ്കുവഹിച്ചിരുന്നത് കൊല്ലം തോടാണ്. ജില്ലയുടെ ചരിത്രത്തിൽ മാറ്റിനിർത്താൻ സാധിക്കാത്ത വിധം ഇഴചേർന്നുകിടന്നിരുന്ന തോടിനെ മരണമണിയിലേക്ക് തള്ളിവിട്ട കാലമായിരുന്നു 2010–2016 യുഡിഎഫ് ഭരണം. അഷ്ടമുടിക്കായലിനെയും ഇരവിപുരം കായലിനെയും ബന്ധിപ്പിക്കുന്ന 7.8 കിലോമീറ്റർ പാതയിൽ പലയിടത്തും നീരൊഴുക്ക് തടസ്സപ്പെട്ട് വൻ മാലിന്യക്കൂമ്പാരമായി. മനുഷ്യർക്ക് മൂക്കുപൊത്താതെ നടക്കാൻപോലും സാധിക്കാത്ത വിധം മാലിന്യക്കൂമ്പാരമായ കൊല്ലം തോട്ടിൽ പലഭാഗങ്ങളിലും നീരൊഴുക്ക് നിലച്ചിരുന്നു. തെളിഞ്ഞൊഴുക്കിയ 10 വർഷം കനാൽ സിറ്റി പദ്ധതിയുടെയും കിഫ്ബിയുടെയും ഭാഗമായി കോടിക്കണക്കിനു രൂപയാണ് തോടിന്റെ നവീകരണത്തിനായി നീക്കിവച്ചത്. ഇരുകരകളിലും താമസിച്ചിരുന്നവരെ മയ്യനാട്ടും വലിയവിളയിലും വളക്കടവിലുമായി ഫ്ലാറ്റുകൾ നൽകി പുനരധിവസിപ്പിച്ചു. തോടിലെ ചെളിയും എക്കലും നീക്കി ആഴം വർധിപ്പിച്ചു. പല ഭാഗങ്ങളിലും വീതി കുറവായതിനാൽ 15മുതൽ 20മീറ്റർ വരെയാക്കി വശങ്ങൾ ഇടിഞ്ഞുവീഴാതിരിക്കാൻ കെട്ടി സംരക്ഷിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്തു. ജലഗതാഗതത്തിന് തടസ്സമായിരുന്ന പാലങ്ങൾ പൊളിച്ചുമാറ്റി ഉയരം കൂടിയ പാലങ്ങൾ നിർമിച്ചു. ഇതോടെ വെള്ളത്തിന് തെളിച്ചം കൂടുകയും നീരൊഴുക്ക് സുഗമമാകുകയും ചെയ്തു. പത്തുവർഷം മുമ്പ് അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമായിരുന്ന കൊല്ലം തോട് ഇന്ന് നാടിന്റെ പ്രധാന വികസനമാതൃകയാണ്.










0 comments