കർഷകസംഘം വാഹന ജാഥ തുടങ്ങി
ഒരാളെയും കുടിയിറക്കാൻ അനുവദിക്കില്ല: കെ എൻ ബാലഗോപാൽ

അഞ്ചൽ
പരിസ്ഥിതി ലോല മേഖല എന്നപേരിൽ ഒരാളെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ പറഞ്ഞു. പരിസ്ഥിതിലോല മേഖലയിൽനിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം നേതൃത്വത്തിൽ നടക്കുന്ന ജില്ലാ വാഹന പ്രചാരണ ജാഥ ചണ്ണപ്പേട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിലോല മേഖല വിഷയത്തിൽ മുഖ്യമന്ത്രിയും യുഡിഎഫും നിലപാട് വ്യക്തമാക്കണം. കർഷകരുടെയും മലയോര ജനതയുടെയും ആശങ്ക പരിഹരിക്കാൻ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ട ഘട്ടമാണിത്. എന്നാൽ സർക്കാരും യുഡിഎഫും ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം അഞ്ചൽ ഏരിയ സെക്രട്ടറി വി രവീന്ദ്രനാഥ് അധ്യക്ഷനായി. കേരള കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യൂ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ ബിജു കെ മാത്യൂവിന് കെ എൻ ബാലഗോപാൽ എംഎൽഎ പതാക കൈമാറി. ജില്ലാ പ്രസിഡന്റും ജാഥാ മാനേജരുമായ വി കെ അനിരുദ്ധൻ, ജില്ലാ ട്രഷററും ജാഥാ വൈസ് ക്യാപ്റ്റനുമായ വി എസ് സതീഷ്, ജാഥാ അംഗങ്ങളായ അസീന മനാഫ്, എ ബി അൻസാർ, സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, കർഷകസംഘം ഏരിയ പ്രസിഡന്റ് സുരേന്ദ്രൻനായർ, എസ് ആനന്ദ്, എ ആർ അസീം, പ്രകാശ്, ടി കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.വ്യാഴം രാവിലെ ഒന്പതിന് മടത്തറനിന്ന് ആരംഭിക്കുന്ന ജാഥ ചോഴിയക്കോട്, ചന്ദനക്കാവ്, ഏഴംകുളം ജങ്‌ഷൻ, കുളത്തൂപ്പുഴ ടൗൺ, ആര്യങ്കാവ്, തെന്മല, കറവൂർ, പുന്നല എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് അലിമുക്കിൽ സമാപിക്കും. കർഷകരിൽ നിന്നും സ്വീകരിക്കുന്ന പരാതികൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.










0 comments