Deshabhimani

അതിർത്തി കടക്കുന്ന കർഷക വിയർപ്പ്

ഗ്രാമീണനാടിന്റെ ജീവനാഡിയായ 
കന്നുകാലി വ്യാപാരം

പോത്തിൻ കൂട്ടങ്ങളുമായി പോകുന്ന കർഷകൻ
avatar
ജി കൃഷ്ണപ്രസാദ്

Published on Nov 03, 2026, 12:30 AM | 1 min read

കുന്നിക്കോട്

പൊള്ളുന്ന തമിഴ് വെയിലിന്റെ ചൂടേറ്റുവാങ്ങി, മണ്ണിൽ വിയർപ്പൊഴുക്കി വളർത്തിയെടുത്ത പോത്തുകളുമായി ഒരു കർഷകൻ പാതകൾ താണ്ടുകയാണ്. കൊല്ലം–തിരുമംഗലം ദേശീയപാതയിൽ ഒരു കൗതുകക്കാഴ്ചയായി തോന്നിപ്പിക്കുന്ന ആ പോത്തിൻകൂട്ടത്തിന് പിന്നിൽ, ചെല്ല പാണ്ഡ്യനെപ്പോലുള്ള പാവം കർഷകരുടെ രാപ്പകലില്ലാത്ത അധ്വാനത്തിന്റെയും പ്രതീക്ഷകളുടെയും കഥയുണ്ട്. മേലപ്പാളയം ചന്തയിലെ ബഹളങ്ങൾക്കിടയിൽ നിന്നും പുളിയറ അതിർത്തി കടന്ന് കേരളത്തിന്റെ മണ്ണിലേക്ക് ഈ മാടുകൾ എത്തുമ്പോൾ, അത് വെറുമൊരു കച്ചവടമല്ല, അതിർത്തികൾ നിശ്ചയിക്കാനാകാത്ത കർഷകന്റെ അതിജീവനത്തിന്റെ നെട്ടോട്ടമാണ്. മാസങ്ങളോളം തീറ്റയും വെള്ളവും നൽകി പരിപാലിച്ച് വളർത്തിയെടുക്കുന്ന പോത്തുകളെ ഒടുവിൽ കന്നുകാലി ചന്തയിലെത്തിച്ച് വിൽക്കുകയാണ് പതിവ്. ഈ അധ്വാനത്തിന്റെ നേർക്കാഴ്ചയാണ് ചെല്ല പാണ്ഡ്യനും അദ്ദേഹത്തിന്റെ പോത്തിൻകൂട്ടവും. കുഞ്ഞുപോത്തുകളെ വാങ്ങി വളർത്തുന്നതുമുതൽ വിൽപ്പനയ്ക്കായി വിപണിയിലെത്തിക്കുന്നതുവരെ നീളുന്നതാണ് ഇവരുടെ രീതി. പച്ചപ്പുല്ലും വൈക്കോലും മറ്റ് തീറ്റകളും നൽകി പോത്തിനെയും കാളയെയും പരിപാലിക്കാൻ വലിയ അധ്വാനവും ചെലവുമുണ്ട്. ശരീരപുഷ്ടിയും ആരോഗ്യവും വളർച്ചയുമാണ് വിപണിയിലെ വില നിർണയിക്കുക. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ മേലപ്പാളയം കന്നുകാലി ചന്തയാണ് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. തെക്കൻ തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് കർഷകരും വ്യാപാരികളും പോത്ത്, കാള തുടങ്ങി വിവിധ ഇനത്തിൽപ്പെട്ട കന്നുകാലികളെ വിൽപ്പനയ്ക്കായി എത്തിക്കും. കേരളത്തിൽനിന്നുള്ള വ്യാപാരികളും വാങ്ങലുകാരും ചന്തയിലെത്തുന്നുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലയിലേക്കാണ് വലിയൊരു പങ്ക് കന്നുകാലികളും അതിർത്തി കടക്കുന്നത്. ചന്തയിലെത്തുന്ന മാടുകളെ പരിശോധിച്ച് വിലപേശിയാണ് കച്ചവടം ഉറപ്പിക്കുക. പ്രായം, തൂക്കം, ഇനം, ആരോഗ്യം എന്നിവയെല്ലാം മൊത്ത വിലയെ സ്വാധീനിക്കും. തുടർന്ന് അതിർത്തിവരെ നടത്തിയെത്തിച്ചശേഷം പുളിയറയിൽവച്ച് ലോറികളിലും മറ്റ് വാഹനങ്ങളിലുമായി മാടുകൾ കേരളത്തിലേക്കുള്ള യാത്ര തുടങ്ങും. അതിർത്തി കടന്നുള്ള ഈ വ്യാപാരം ഇരു സംസ്ഥാനങ്ങളിലെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറി. റോഡിലൂടെ കൂട്ടമായി നീങ്ങുന്ന പോത്തുകൾ കാഴ്ചക്കാർക്ക് കൗതുകമാകുമ്പോൾ അതിനുപിന്നിൽ ചെല്ല പാണ്ഡ്യനെപ്പോലുള്ള കർഷകരുടെ അധ്വാനവും ഉപജീവനവുമുണ്ട്. കർഷകന്റെ വിയർപ്പിന് വില തേടിയുള്ള യാത്രയ്ക്ക് അതിർത്തികളില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home