യുപിഎസ്‌സിക്ക് പുതിയ ഓൺലൈൻ പോർട്ടൽ

ന്യൂഡൽഹി : യൂണിയൻ പബ്ലിക്ക് സർവീസ് കമീഷന് പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. രജിസ്‌ട്രേഷനും അപേക്ഷ പൂർത്തികരിക്കുന്നതിനും തയ്യാറാക്കിയ പുതിയ പോർട്ടലിൽ നാല് വ്യത്യസ്‌ത ഘട്ടങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അതിൽ അക്കൗണ്ട് ക്രിയേഷൻ, യൂണിവേഴ്‌സൽ രജിസ്‌ട്രേഷൻ, കോമൺ ആപ്ലിക്കേഷൻ ഫോം എന്നീ മൂന്ന് ഘട്ടങ്ങൾ ഏതു സമയത്തും ഉദ്യോഗാർഥികൾ പൂർത്തികരിക്കാൻ സാധിക്കും. അവസാനത്തെ ഘട്ടം പരീക്ഷ അറിയിപ്പുകൾ വരുന്ന മുറയ്‌ക്ക് പൂർത്തിയാക്കുന്ന തരത്തിലാണ് പുതിയ പോർട്ടലിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. കമീഷൻ നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിലെ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനും സമയം ലാഭിക്കുന്നതിനുമാണ് പുതിയ സജ്ജീകരണമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ അപേക്ഷകരും https://upsconline.nic.in എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് അപേക്ഷ പൂരിപ്പിച്ച് പുതുതായി അവതരിപ്പിച്ച പോർട്ടലിൽ അവരുടെ രേഖകൾ അപ്‌ലോഡ് ചെയ്യണമെന്ന് യുപിഎസ്‌സി പ്രസ്താവനയിൽ പറഞ്ഞു. പഴയ വൺ ടൈം രജിസ്ട്രേഷൻ (ഒടിആർ) മൊഡ്യൂൾ ഇനി ബാധകമല്ലെന്നും യുപിഎസ്‌സി അറിയിച്ചു. അപേക്ഷ പൂരിപ്പിക്കുന്നതിനും രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള വിശദമായ നിർദ്ദേശങ്ങൾ ഹോം പേജിലും എല്ലാ പ്രൊഫൈലുകളിലും മൊഡ്യൂളുകളിലും ലഭ്യമാണ്. ഐഡികളുടെ സ്ഥിരീകരണത്തിനും ആധികാരികത ഉറപ്പാക്കുന്നതിനുമായി അപേക്ഷകർ അവരുടെ ആധാർ കാർഡ് യൂണിവേഴ്സൽ ആപ്ലിക്കേഷനിൽ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കണമെന്നും യുപിഎസ്‍സി പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ആപ്ലിക്കേഷൻ പോർട്ടൽ മെയ് 28 മുതൽ പ്രാബല്യത്തിലായി. 28ന് ആരംഭിക്കുന്ന CDS Exam-II, 2025, NDA & NA-II, 2025 എന്നിവയ്ക്കുള്ള അപേക്ഷകൾ പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ വഴിയാണ് സ്വീകരിക്കുകയെന്നും യുപിഎസ്‍സി വ്യക്തമാക്കി.








0 comments