ഭാഗ്യാന്വേഷണത്തിന്റെ അരനൂറ്റാണ്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 24, 2018, 06:42 PM | 0 min read



വെറും അരലക്ഷം രൂപയിൽ തുടങ്ങിയ മലയാളിയുടെ ഭാഗ്യം തേടിയുള്ള യാത്രയ്ക്ക് ഈ റിപ്പബ്ലിക് ദിനത്തിൽ 50 വയസ്സ് തികയുകയാണ്. 1968 ജനുവരി 26നായിരുന്നു സർക്കാർ ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നത്. ഇന്ന് പത്തുകോടി രൂപയുടെ ഒന്നാംസമ്മാനത്തിലേക്ക് നമ്മുടെ ഭാഗ്യക്കുറി എത്തിനിൽക്കുമ്പോൾ, തീർത്തും അത്ഭുതം തോന്നാം. കഴിഞ്ഞ ഓണം ബംബറായിരുന്നു പത്തുകോടിയുമായി നമ്മുടെ ഭാഗ്യക്കുറിചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം അടിച്ചത്. ഈ സമ്മാനം കിട്ടിയ ആളിനെ നമുക്കറിയാം. എന്നാൽ, കേരള ഭാഗ്യക്കുറിയുടെ ആദ്യത്തെ സമ്മാനത്തിനുടമ സർക്കാർരേഖകളിൽപ്പോലും ഇെല്ലന്നതാണ് വാസ്തവം.

രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലത്ത് പി കെ കുഞ്ഞ് ധനമന്ത്രിയായിരിക്കുമ്പോഴാണ് കേരള ലോട്ടറി ആരംഭിച്ചത്. നേരത്തെ ഭാഗ്യക്കുറി നടത്തിയുള്ള പരിചയം പി കെ കുഞ്ഞിനുണ്ടായിരുന്നു. ഇദ്ദേഹം ചെയർമാനായ കായംകുളത്തെ എംഎസ്എം ട്രസ്റ്റായിരുന്നു ഇത് നടത്തിയത്. എംഎസ്എം കോളേജിന്റെ ധനശേഖരണാർഥം 1967 ജൂലൈയിൽ നടത്തിയ ഈ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 20,000 രൂപയോ അംബാസഡർ കാറോ ആയിരുന്നു. ഒരു രൂപയായിരുന്നു ടിക്കറ്റ് വില. കായംകുളത്തുമാത്രമല്ല, കൊച്ചിവരെ ടിക്കറ്റ് വിറ്റതായി പറയപ്പെടുന്നു.

മന്ത്രിയായപ്പോൾ പി കെ കുഞ്ഞ് ഈ ആശയം സർക്കാർതലത്തിൽ നടപ്പാക്കി. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമമായിരുന്നു ലക്ഷ്യം. മറ്റു പല പദ്ധതിയും ആലോചിച്ചെങ്കിലും അവസാനം  ഇതിലേക്ക് എത്തുകയായിരുന്നു. മാത്രമല്ല, ഭാഗ്യക്കുറി നടത്തിയാൽ തൊഴിലില്ലാത്തവർക്ക് അതൊരു തൊഴിലും സർക്കാരിന് സാമ്പത്തികലാഭവും ആകുമെന്നായിരുന്നു വിലയിരുത്തൽ. ഇതിനുമുന്നോടിയായി 1967 സെപ്തംബറിൽ ലോട്ടറിവകുപ്പ് തുടങ്ങി. പി കെ സെയ്ദ് മുഹമ്മദായിരുന്നു ആദ്യ ലോട്ടറി ഡയറക്ടർ. ആദ്യ ടിക്കറ്റിന്റെ വിൽപ്പന തുടങ്ങിയത് 1967 നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിലാണ്. 1968 ജനുവരി 26നായിരുന്നു ഈ ടിക്കറ്റിന്റെ നറുക്കെടുപ്പ്. കേരളത്തിലെ ലോട്ടറിക്ക് പ്രത്യേകിച്ച് പേരില്ലായിരുന്നു. ഇതിനൊരു മാറ്റം വന്നത് 1991 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിദിനത്തിൽ വന്ന ലോട്ടറിമുതലായിരുന്നു. 'കൈരളി' എന്നായിരുന്നു പേര്.

തൊഴിലില്ലാത്തവർക്ക് വലിയൊരു ആശ്വാസമായിരുന്നു സർക്കാർ ഭാഗ്യക്കുറി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗികലോട്ടറി എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയായി. അവരും ഒന്നിനുപുറകെ ഒന്നായി ലോട്ടറി നടത്തിത്തുടങ്ങി. ഒന്നാമത്തെ ലോട്ടറിയിലൂടെ കേരള സർക്കാരിനാകെ വരുമാനം 20 ലക്ഷം രൂപയും സർക്കാരിന് ലാഭം 14 ലക്ഷം രൂപയുമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷമിത് (2016‐17) ആകെ വരുമാനം 7394 കോടി രൂപയും 1691.05 കോടി ലാഭവുമായിരുന്നു. 2017‐18ൽ ഇത് 10,000 കോടി മൊത്തവരുമാനവും സർക്കാർലാഭം 3000 കോടി കവിയുമെന്നുമാണ് പ്രതീക്ഷ.

അടിമയ്ക്ക് ലോട്ടറിയുമായി ബന്ധമുണ്ടോ?
അടിമയ്ക്ക് ലോട്ടറിയുമായി എന്ത് ബന്ധമെന്ന് വായനക്കാർ അത്ഭുതപ്പെടുമായിരിക്കാം. ലോകത്തെ ആദ്യ ലോട്ടറിയുടെ സമ്മാനം ഒരടിമയായിരുന്നു. ക്രിസ്തുവർഷത്തിനുമുമ്പ് റോമിൽ പ്രഭുക്കന്മാർ നടത്തിയ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ ലോട്ടറിയുടെ കഥയാണിത്. 1530ൽ ഇറ്റാലിയൻ സർക്കാർ നേരിട്ട് ലോട്ടറി നടത്തി. ഫ്രാൻസും പിന്നീട് ഈ പാത പിന്തുടർന്ന് സർക്കാർമേഖലയിൽ ലോട്ടറി നടത്തി. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയത് 1850ൽ മദ്രാസ് ഗവർണറായിരുന്ന ചാൾസ് ട്രെവലിയനായിരുന്നു. ഇന്നത്തെ മദ്രാസിലെ മൂർ മാർക്കറ്റും മറ്റും തുടങ്ങിയത് ഈ ലോട്ടറിയുടെ ലാഭംകൊണ്ടാണ്്.

തിരുവിതാംകൂറിന്റെ ലാട്ടർ ചിട്ടി
പഴയ തിരുവിതാകൂറിന്റെ ഭാഗമായ ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിർമിക്കാനാണ് ആയില്യം തിരുനാൾ രാജാവ് ഇവിടെ ഭാഗ്യക്കുറി തുടങ്ങിയത്. 1874 ആഗസ്തിൽ ഒരു ഉത്തരവിലൂടെ അദ്ദേഹം ലോട്ടറിക്ക് തുടക്കമിട്ടു. ലാട്ടർ ചിട്ടി എന്നാണ് ഉത്തരവിൽ പറയുന്നത്്. 70,000 രൂപ സംഭരിക്കുകയായിരുന്നു ലക്ഷ്യം. ടിക്കറ്റ് വില ഒരു രൂപ. അന്നത്തെ കൊട്ടാരം വൈദ്യനും ചരിത്രകാരനുമായ പാച്ചുമുത്തിന്റെ ആശയമാണിതെന്ന് കരുതപ്പെടുന്നു. മഹാകവി വള്ളത്തോൾ കലാമണ്ഡലം സ്ഥാപിക്കാനായി ധനശേഖരണാർഥം 1927ൽ ഒരു ഭാഗ്യക്കുറി നടത്തിയിരുന്നതായി രേഖകളിലുണ്ട്.

ഭാഗ്യം വിൽക്കുന്ന നിർഭാഗ്യവാന്മാർ
കേരള ഭാഗ്യക്കുറി കഴിഞ്ഞ 50 വർഷംകൊണ്ട് പതിനായിരക്കണക്കിന് ലക്ഷാധിപതികളെയും ആയിരക്കണക്കിന് കോടീശ്വരന്മാരെയും സൃഷ്ടിച്ചു. അതിനുപുറമെ ജീവിക്കാനുള്ള വക ഉണ്ടാക്കിക്കൊടുത്ത ലക്ഷങ്ങൾ വേറെയും. പക്ഷേ, ഇത് വിൽക്കുന്നവർ നിർഭാഗ്യത്തിന്റെ നെടും കയത്തിലാണ് ഇന്നും കഴിയുന്നത്. ഭാഗ്യം കൊണ്ടുവരുന്ന ഓരോ ടിക്കറ്റും അവരുടെ കണ്ണുനീർ വീണതാണ്.

അംഗപരിമിതർ, രോഗികൾ, സ്ത്രീകൾ തുടങ്ങി ജീവിക്കാൻ നിവൃത്തിയില്ലാത്ത ഒരുപാടുപേർക്ക് ജീവിതമാർഗം കാട്ടിക്കൊടുക്കാൻ ലോട്ടറിക്കായി എന്ന സത്യം നിലനിൽക്കുമ്പോൾത്തന്നെ അവരെ കൈപിടിച്ച് സ്ഥായിയായി നിലനിർത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ, അതിനുള്ള ശ്രമം ധാരാളമായി നടക്കുന്നു. അതിന്റെ ഭാഗമാണ് 1991ൽ ആരംഭിച്ച അവർക്കുള്ള ക്ഷേമനിധി. അതോടൊപ്പം തിരിച്ചറിയൽ കാർഡ് നൽകിയതും വലിയൊരു അംഗീകാരമാണ്. തൊട്ടുപിറകെ യൂണിഫോമും വരുന്നുണ്ട്.
സർക്കാർ കണക്കുപ്രകാരം ഇന്ന് ഉദ്ദേശം 50,000 ഏജന്റുമാരുണ്ട്. ഇതിൽ കുറച്ചുപേർ നിഷ്ക്രിയരാണ്. ഇവയിലെല്ലാംകൂടി രണ്ടുലക്ഷത്തോളം ഭാഗ്യക്കുറി വിൽപ്പനക്കാരുണ്ട്. ആദ്യകാലത്ത് മാസത്തിൽ ആറ് ലോട്ടറി നടത്തിയതിപ്പോൾ ആഴ്ചയിൽ ഏഴ് ലോട്ടറിയായി. അതിനുപുറമെ വർഷത്തിൽ ആറ് ബംബറും. ഇതൊക്കെയാണെങ്കിലും സമൂഹത്തിന്റെ പൊതുവായ അംഗീകാരവും മാന്യതയും ഈ തൊഴിലിന് കിട്ടുന്നില്ല. പൊതുജനങ്ങളിൽ പലരും അവരെ സഹായിക്കുന്നതിന്റെ ഭാഗമായി 'ദയ'കൊണ്ടാണ് ടിക്കറ്റെടുക്കുന്നത്. പലപ്പോഴുമിത് ഭിക്ഷകൊടുക്കുന്നതിനുതുല്യമായാണ് പരിഗണിക്കുന്നത്.

ഒരുകാര്യം ഓർക്കുക. നിങ്ങളുടെ മുന്നിൽ ഭാഗ്യക്കുറിയായി വരുന്ന ഒരു വിൽപ്പനക്കാരനോ വിൽപ്പനക്കാരിയോ നിങ്ങളോട് ഭിക്ഷ യാചിക്കുകയല്ല. അവർ ചെയ്യുന്ന മാന്യമായ ഒരു ഉപജീവനമാർഗമാണിത്. ഒരു തൊഴിലാണ്. ഇത് നാം അംഗീകരിക്കണം. മറ്റേത് തൊഴിലിനുമുള്ള ആഭിജാത്യം ഭാഗ്യക്കുറി വിൽപ്പനയ്ക്കുമുണ്ട്. പക്ഷേ, നമ്മുടെ പൊതുസമൂഹം ഇതിപ്പോഴും അംഗീകരിക്കുന്നില്ല.  എങ്കിലും മാസത്തിൽ ആറ് ലോട്ടറിയെന്നത് എല്ലാ ദിവസവും ലോട്ടറി എന്ന രീതിയിലേക്ക് ഇന്ന് മാറിയപ്പോൾ ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണുണ്ടായത്. ഇതിൽ നല്ലൊരു പങ്ക് ഇതരസംസ്ഥാന തൊഴിലാളികളാണ്.

സമ്മാനം പ്രതീക്ഷിച്ചാണ് ടിക്കറ്റെടുക്കുന്നതെങ്കിലും ഈ വലിയ ഗുണഭോക്തൃസമൂഹത്തിന്റെ കാരുണ്യമാണ് ഭാഗ്യക്കുറി വിൽപ്പനക്കാരെ നിലനിർത്തുന്നത്. ലോട്ടറിത്തൊഴിലാളികൾമാത്രമല്ല, സർക്കാർവകുപ്പും അതിലെ ജീവനക്കാരും വിൽപ്പനക്കാരുടെ വിയർപ്പിന്റെ ഫലം അനുഭവിക്കുന്നവരാണ്. പരസ്യങ്ങൾവഴി മാധ്യമസ്ഥാപനങ്ങളും ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ട്. സമൂഹത്തിന്റെ നാനാമേഖലകളിൽ ലോട്ടറിപ്രസ്ഥാനം ചെയ്യുന്ന സാമ്പത്തികമുന്നേറ്റം ചില്ലറയല്ല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home