ഐസിഎംആര്‍ പഠന റിപ്പോർട്ട്
ഡൽഹിയിലെ വിഷവായു: മൂന്ന് വർഷത്തിൽ വർധിച്ചത് രണ്ട് ലക്ഷത്തിലധികം മാരക ശ്വാസകോശ രോഗികൾ

ഡൽഹി: ഡൽഹിയിലെ വിഷവായു പ്രതിസന്ധി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഐസിഎംആറിന്റെ പഠന റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അഞ്ച് സ്ഥലങ്ങളിലായി നടത്തിയ മൾട്ടി സിറ്റി പഠനത്തിൽ മലിനീകരണ തോതിലുള്ള വർദ്ധനവ് ശ്വാസകോശ രോഗവുമായി എത്തുന്ന രോഗികളുടെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
2022 നും 2024 നും ഇടയിൽ ഡൽഹിയിലെ ആറ് പ്രധാന കേന്ദ്ര സർക്കാർ ആശുപത്രികളിൽ (എയിംസ്, സഫ്ദർജംഗ്, എൽഎച്ച്എംസി ഗ്രൂപ്പ്, ആർഎംഎൽ, എൻഐടിആർഡി, വിപിസിഐ) 2,04,758 അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങള്‍ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി. ഇതിൽ 30,420 രോഗികൾക്കാണ് (ഏകദേശം 15% പേർക്ക്) ആശുപത്രി വാസം ആവശ്യമായി വന്നത്. 2022ൽ 67,054 പേർക്കും 2023ൽ 69,293 പേർക്കും 2024ൽ 68,411 പേർക്കും അടിയന്തര ചികിത്സ ആവശ്യമായി വന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അനുബന്ധ രോഗങ്ങൾക്കും കാരണം വായു മലിനീകരണം ആണെന്ന് സർക്കാർ ശരിവെക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഐസിഎംആർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 33,000 ത്തിലധികം രോഗികളിൽ വായുവിന്റെ ഗുണനിലവാരവും ശ്വസന രോഗാവസ്ഥയും തമ്മിൽ വ്യക്തമായ ബന്ധം കണ്ടെത്തി. തലസ്ഥാനത്തെ ദീർഘകാല വായു മലിനീകരണ പ്രതിസന്ധി ജനജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.








0 comments